road

 മഴക്കാലം കഴിഞ്ഞാൽ മൂടിയ കുഴികൾ വീണ്ടും കുഴിക്കും

തിരുവനന്തപുരം: സ്‌മാർട്ട് റോഡുകൾക്കായി നഗരത്തിൽ കുഴിച്ച കുഴികളെല്ലാം ഈ മാസം 30ന് മുമ്പ് മൂടണമെന്ന് സ്‌മാർട്ട് സിറ്റിക്ക് നഗരസഭ കർശന നിർദ്ദേശം നൽകി. ജൂൺ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെയാണ് നഗരസഭയുടെ അടിയന്തര ഇടപെടൽ. നഗരത്തിൽ വിദ്യാർത്ഥികളെ കാത്തിരിക്കുന്ന ദുരിതയാത്രയെപ്പറ്റി കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു.

റോഡുകൾ പഴയപടിയാക്കുന്നത് എന്നെന്ന ചോദ്യത്തിന് കേരള റോഡ് ഫണ്ട് ബോർഡ് കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുമ്പോൾ പ്ലാൻ ഫണ്ട് വരുന്ന മുറയ്‌ക്ക് റീടാറിംഗ് ആരംഭിക്കുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. കുഴിയെടുക്കുന്ന റോഡുകളിൽ കേബിളിടുന്നത് പൂർത്തിയായില്ലെങ്കിലും സ്‌കൂൾ തുറക്കുന്നതിന് മുന്നേ കുഴികൾ മൂടുമെന്നാണ് കെ.ആർ.എഫ്.ബി അധികൃതർ പറയുന്നത്.

കുഴിയടയ്‌ക്കുന്നതിന് പിന്നാലെ റോഡ് ടാർ ചെയ്യണമെന്നാണ് കരാർ കമ്പനിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ മഴ മാറാതെ ടാറിംഗ് നടക്കില്ലെന്നാണ് കമ്പനിയുടെ മറുപടി. കുഴികൾ മൂടിയ ശേഷം ചല്ലി നിരത്തിയിടാനേ ഇപ്പോഴത്തെ നിലയിൽ സാധിക്കൂ. മഴ മാറിയശേഷം വീണ്ടും കുഴിയെടുത്ത് കേബിൾ സ്ഥാപിക്കാനാണ് ആലോചന. ഇതോടെ തുഗ്ലക്ക് പരിഷ്‌കാരം കാരണം പദ്ധതി ചെലവ് വർദ്ധിക്കുമെന്ന് ഉറപ്പായി. അശാസ്‌ത്രീയ നിർമ്മാണം കാരണം മൂടിയ കുഴികൾ നേരത്തെയും കുഴിച്ചിരുന്നു.

മഴ മാറാതെ ടാർ

ചെയ്യുന്നതെങ്ങനെ?

യന്ത്രങ്ങൾ ഉപയോഗിച്ച് മില്ലിംഗ് നടത്തിയ റോഡുകളിൽ മഴ മാറാതെ എങ്ങനെ ടാർ ചെയ്യുമെന്നാണ് കെ.ആർ.എഫ്.ബിയുടെ മറ്റൊരു ചോദ്യം. മില്ലിംഗ് നടത്തിയ റോഡുകൾ ഉടനടി ടാർ ചെയ്യേണ്ടതാണെങ്കിലും അതുണ്ടായില്ല. കാലവർഷമെത്തിയാൽ ഈ റോഡുകളിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ കാര്യം അപകടത്തിലാകും. എത്രയും വേഗം റോഡുകൾ ടാർ ചെയ്യണമെന്ന് കെ.ആർ.എഫ്.ബി കരാർ കമ്പനിയായ ടി.ആർ.ഡി.സി.എല്ലിനോട് ആവശ്യപ്പെട്ടു. എന്നാൽ തുടർച്ചയായി 10 ദിവസം മഴ മാറി നിന്നാലേ റോഡ് ടാറിടാനാകൂവെന്നാണ് ടി.ആർ.ഡി.സി.എൽ അറിയിച്ചത്.

ഗതാഗതക്കുരുക്കും

വെള്ളക്കെട്ടും

റോഡുകളിലെ കുഴികൾ മൂടുമെങ്കിലും ടാർ ചെയ്യാത്ത സ്ഥിതിക്ക് നഗരത്തിൽ വൻ ഗതാഗതക്കുരുക്കും വെള്ളക്കെട്ടുമുണ്ടാകുമെന്ന് ഉറപ്പായി. സ്‌കൂൾ വിദ്യാർത്ഥികൾ റോഡിൽ കുടുങ്ങുന്ന സ്ഥിതിയുണ്ടാകും. മാസങ്ങളായി നേരെ പ്രവർത്തിക്കാത്ത നഗരത്തിലെ ട്രാഫിക്ക് ലൈറ്റുകളും ഗതാഗതക്കുരുക്കിന്റെ ആക്കം കൂട്ടും.

ഇന്നലെയും കുഴിച്ചു

നിലവിലെ കുഴികൾ മൂടാതെ മഴക്കാലത്തിന് മുമ്പ് പുതിയ കുഴികൾ കുഴിക്കരുതെന്ന കർശന നിർദ്ദേശമുണ്ടായിട്ടും നഗരത്തിൽ പലയിടത്തും ഇന്നലെയും കുഴിയെടുപ്പ് തുടർന്നു. മ്യൂസിയം - ബേക്കറി ജംഗ്ഷൻ റോഡിൽ ഇന്നലെ രണ്ടിടത്താണ് കുഴിയെടുത്തത്. വഴുതക്കാട് പൊലീസ് ട്രെയിനിംഗ് ഗ്രൗണ്ടിന് സമീപം ഗോപിനാഥൻ നായർ റോഡിലും ഇന്നലെ കുഴിയെടുത്തു.

കെ.ആർ.എഫ്.ബി

സ്‌മാർട്ടാക്കേണ്ട റോഡുകൾ - 64

നിർമ്മാണം തുടങ്ങിയ റോഡുകൾ - 13

കേബിൾ സ്ഥാപിക്കുന്നത് പൂർത്തിയായ റോഡുകൾ - 2

സ്‌മാർട്ട് സിറ്റി മിഷൻ

സ്‌മാർട്ടാക്കേണ്ട റോഡുകൾ - 17

കേബിൾ സ്ഥാപിക്കുന്നത് പൂർത്തിയായ റോഡുകൾ-11

കുഴികളടച്ച റോഡുകൾ - 0

' മഴ കാരണമാണ് റോഡുപണി നിറുത്തിവയ്‌ക്കേണ്ടി വന്നത്. അതിന്റെ പേരിൽ

സ്‌മാർട്ട് സിറ്റി അടക്കമുള്ള ഏജൻസികളെ നഗരസഭ കുറ്റപ്പെടുത്തില്ല.'

ഡി.ആർ. അനിൽ, മരാമത്ത്

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ