ആറുവാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു, സ്ക്കൂട്ടർ യാത്രക്കാരന് പരിക്ക്
തിരുവനന്തപുരം: മദ്യലഹരിയിൽ അപകടകരമായി കാറോടിച്ച് നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിൽ. ആനയറ സ്വദേശി അഖിൽ ജോർജിനെയാണ് (35) നാട്ടുകാർ പിടികൂടി മ്യൂസിയം പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾക്കെതിരെ മദ്യപിച്ചു വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു. സംഭവത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. പാളയത്തു നിന്ന് ബേക്കറി ജംഗ്ഷനിലേക്കാണ് കാർ അമിത വേഗതയിൽ പാഞ്ഞെത്തിയത്. ആദ്യം ഒരു സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സ്ക്കൂട്ടർ റോഡിലൂടെ നിരങ്ങി നീങ്ങി. പിന്നാലെ സർക്കാർ വാഹനം ഉൾപ്പെടെ 5 വാഹനങ്ങളെ കൂടി ഇടിച്ചു. റോഡിലൂടെ നടന്നുപോയ മറ്റു യാത്രക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസും ഓടിമാറി. ഈ ഭാഗത്തെ ലാൻഡ്സ് സ്‌കേപ്പും നശിപ്പിച്ചു. കാർ റിസർവ് ബാങ്കിന് സമീപം നിന്നപ്പോഴാണ് നാട്ടുകാർ പിടികൂടിയത്. ഇയാളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി തുടർനടപടി സ്വീകരിക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.