1

പോത്തൻകോട്: കാർഷിക വൃത്തിയിലേക്ക് അതിവേഗം കേരളത്തെ എത്തിക്കുക എന്നതാണ് 'ഞങ്ങളും കൃഷിയിലേക്ക് " എന്ന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരളത്തിലെ ഓരോ വീടും വിഷരഹിത വിള ഉത്പാദനത്തിൽ പങ്കാളികളാവുക വഴി രോഗവിമുക്തവും രുചികരവുമായ ഭക്ഷണവും വീട്ടിലും നാട്ടിലും നിറയുമെന്നും മന്ത്രി പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പോത്തൻകോട് പഞ്ചായത്തുതല ഉദ്ഘാടനവും മുതിർന്ന കർഷകരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മഴമൂലം പ്രതികൂലമായ സാഹചര്യത്തിലും ആറര ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. 28 രൂപ നൽകി നെല്ല് സംഭരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. തെളിനീരൊഴുകും നവകേരളം പദ്ധതിയിലൂടെ പുഴകളും ജലസ്രോതസുകളും സംരക്ഷിച്ച് മണ്ണിൽ പൊന്നുവിളയിക്കാൻ ജനങ്ങൾ ഒരുമിച്ചിറങ്ങിയാൽ തരിശ് രഹിത പഞ്ചായത്തായി പോത്തൻകോട് മാറുമെന്നും അതിനായി കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് അനിതകുമാരി, ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, അനിതകുമാരി, മലയിൽകോണം സുനിൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റീജ എസ്. ധരൻ, കൃഷി ഓഫീസർ ഷീബ ബി.എസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.