തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന മഴ ദേശീയപാതയുമായി ബന്ധപ്പെട്ട നിർമ്മാണജോലികൾക്ക് തടസമാകുന്നു. കല്ലമ്പലം- കഴക്കൂട്ടം ദേശീയപാത നാലുവരിയായി വികസിപ്പിക്കാനും ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണത്തിനുമായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ, മരം മുറിക്കൽ ജോലികൾക്കാണ് മഴ തടസമാകുന്നത്. ദേശീയപാതയ്ക്കായി വിട്ടുകൊടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ കെട്ടിട ഉടമകൾ സ്വന്തം നിലയ്ക്കും ദേശീയപാത അതോറിട്ടിയിൽ നിന്ന് കരാറെടുത്തവരുമാണ് പൊളിച്ചുനീക്കുന്നത്. കല്ലമ്പലം മുതൽ മണമ്പൂർ വരെ 8 കിലോമീറ്ററോളം നിലവിലുള്ള ദേശീയപാത 45 മീറ്ററായി വീതി കൂട്ടുകയാണ് ചെയ്യുന്നത്. ആറ്റിങ്ങൽ ബൈപ്പാസിനായി 10.8 കിലോമീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലും പുതിയ റോഡ് നിർമ്മിക്കുകയും വേണം. ഈ പ്രദേശങ്ങളിൽ കടകളും വീടുകളുമായി 1000ൽ അധികം കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും നാലായിരത്തോളം മരങ്ങൾ മുറിച്ചുനീക്കാനുമുണ്ട്. പ്രതികൂല കാലാവസ്ഥ മരങ്ങൾ മുറിച്ചുനീക്കുന്നതിന് തടസമാണ്. കൂടാതെ പൊളിച്ചുമാറ്റിയ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും പുനരധിവാസത്തിന് അനുമതി ലഭിച്ച സ്ഥലങ്ങളിൽ പുനർനിർമ്മാണ ജോലികൾ ചെയ്യുന്നതിനും മഴ വിനയായി. നിർമ്മാണ ജോലികൾക്ക് മഴ കാരണം രൂപപ്പെടുന്ന വെള്ളക്കെട്ട് തടസം സൃഷ്ടിക്കുന്നുണ്ട്. മിക്കയിടത്തും ഓടകൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. വെട്ടുറോഡ് മുതൽ കണിയാപുരം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് വരെ ചെറിയ മഴയിൽപോലും വെള്ളക്കെട്ടായി മാറുന്ന സാഹചര്യമാണുള്ളത്. നിലവിൽ വെള്ളക്കെട്ട് അനുഭവപ്പെട്ട സ്ഥലങ്ങളിൽ ഓടകൾ തെളിച്ച് വെള്ളം ഒഴുകിപോകാൻ സൗകര്യമുണ്ടാക്കാത്ത പക്ഷം കാലവർഷം എത്തുന്നതോടെ സ്ഥിതിഗതികൾ സങ്കീർണമാകും. കാലവർഷത്തിന് മുമ്പ് ഭൂമി നിരപ്പാക്കലുൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും പ്രതികൂല കാലാവസ്ഥ വില്ലനായി. കെട്ടിടങ്ങൾ പൊളിച്ചുനീക്കിയും മരങ്ങൾ മുറിച്ചുമാറ്റിയും ഭൂമി പൂർണതോതിൽ വിട്ടുകിട്ടിയാൽ മാത്രമേ കരാറേറ്റെടുത്ത കമ്പനി ദേശീയപാത നിർമ്മാണം ആരംഭിക്കൂ. 795 കോടി രൂപയ്ക്ക് ആർ.ബി.എസ് കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്.

 വെള്ളക്കെട്ട്

വീതി കൂട്ടേണ്ടിടത്ത് ഭൂമി നിരപ്പാക്കൽ ആരംഭിച്ചെങ്കിലും കനത്ത മഴയിൽ സ്ഥലങ്ങൾ വെള്ളക്കെട്ടായി മാറുന്നത് ഇത്തരം ജോലികളും തടസപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. നിലവിലെ ദേശീയപാതയോട് ചേർ‌ന്ന് വീതികൂട്ടാനായി ഏറ്റെടുത്ത സ്ഥലങ്ങൾ നിരപ്പാക്കുമ്പോൾ ഓടകളും തോടുകളും നികരുന്നതാണ് പലസ്ഥലങ്ങളിലും വെള്ളക്കെട്ടിന് കാരണം. കടമ്പാട്ടുകോണം, കല്ലമ്പലം, നാവായിക്കുളം,ചാത്തമ്പാറ, ആലംകോട്, ആറ്റിങ്ങൽ, മംഗലപുരം, കണിയാപുരം പ്രദേശങ്ങളിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലങ്ങളിൽ നിന്ന് വെള്ളം സമീപത്തെ വീടുകളിലേക്കും ദേശീയപാതയിലേക്കും കയറുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടായിട്ടുണ്ട്.