
നെയ്യാറ്റിൻകര: ശ്രീനാരായണഗുരുദേവ ദർശനങ്ങൾ കേരളത്തിന് മാത്രമല്ല ലോകരാഷ്ട്രങ്ങൾക്ക് തന്നെ മാതൃകയാണെന്ന് അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കുന്നത്തുകാൽ ശാഖയുടെ നേതൃത്വത്തിൽ കുന്നത്തുകാൽ ജംഗ്ഷനിൽ പണികഴിപ്പിച്ച ശ്രീനാരായണഗുരുദേവക്ഷേത്ര സമർപ്പണത്തിന്റെയും ശ്രീനാരായണഗുരുദേവ വിഗ്രഹപ്രതിഷ്ഠയുടെയും ഭാഗമായി സംഘടിപ്പിച്ച ശ്രീനാരായണധർമ്മ പ്രചാരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ബീനാകുമാരി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, യോഗം ഡയറക്ടർ ബോർഡ് അംഗവും മുൻ ഇൻസ്‌പെക്ടിംഗ് ഓഫീസറുമായ എസ്. ലാൽകുമാർ, പാറശാല യൂണിയൻ പ്രസിഡന്റ് പി. വിനോദ്, യൂണിയൻ വൈസ് പ്രസിഡന്റ് വി. കൃഷ്‌ണൻകുട്ടി, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.എസ്. അനിൽ, യൂണിയൻ കൗൺസിലർമാരായ ആർ. രാജേന്ദ്രബാബു, കൊറ്റാമം രാജേന്ദ്രൻ, കൊറ്റാമം മോഹനൻ, ആർ ശ്രീകണ്ഠൻ, ശാഖാ കൺവീനർ കുന്നത്തുകാൽ മണികണ്ഠൻ, എൻ.എസ് ധനകുമാർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ മികച്ച സാമൂഹിക പ്രവർത്തനത്തിന് ശിവജി ഗ്രൂപ് ചെയർമാൻ ശിവജി ജഗന്നാഥനെയും അഡി. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പാറശാല എ അജികുമാറിനെയും ഗുരുശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു. പത്മശ്രീ ഗോപിനാഥൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ. എസ് നവനീത് കുമാർ, ക്ഷേത്ര ശില്പി സെൽവരാജ്, ക്ഷേത്ര നിർമ്മാണത്തിന് ഭൂമി സംഭാവന നൽകിയ റ്റി. സുരേഷ്‌കുമാർ എന്നിവരെയും ആദരിച്ചു. പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ ശാഖാ കുടുംബത്തിലെ വിദ്യാർത്ഥികളെ അനുമോദിക്കുകയും നിർദ്ധനർക്ക് വസ്ത്രവിതരണവും നടത്തി.
അരുവിപ്പുറം ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച വിഗ്രഹ ഘോഷയാത്രയ്‌ക്ക് സ്വാമി സാന്ദ്രാനന്ദ ദീപശിഖ തെളിയിക്കുകയും നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്‌തു. ശില്പി മൈലാടി ചന്ദ്രനാണ് ശ്രീനാരായണ ഗുരുദേവ ശിലാവിഗ്രഹം നിർമ്മിച്ചത്.
സ്വാമി സാന്ദ്രാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാകർമ്മങ്ങൾ നടന്നത്.