
തിരുവനന്തപുരം: എസ്.യു.ടി ആശുപത്രിയുടെ നേതൃത്വത്തിൽ 'യംഗ് ഇന്ത്യ' എന്ന സംഘടനയുമായി ചേർന്ന് പ്രഥമശുശ്രൂഷ ക്ലാസുകൾ നടത്തി. പൂജപ്പുര ഹോട്ടൽ ശബരി പാർക്കിൽ നടന്ന ചടങ്ങ് ആശുപത്രിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു.
വാഹനാപകടം, തൊണ്ടയിൽ ഭക്ഷണം കുടുങ്ങുക, പാമ്പുകടിയേൽക്കുക, സ്‌ട്രോക്ക് തുടങ്ങിയ അത്യാഹിത സന്ദർഭങ്ങളിൽ കൃത്യമായ ഇടപെടൽ നടത്താൻ യുവതലമുറയെ പ്രാപ്‌തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിന് ഇരയായ വ്യക്തിക്ക് നൽകേണ്ട പ്രഥമശുശ്രൂഷയെപ്പറ്റി യുവതലമുറയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, ഡോ. റഷിൻ റഹീം, ഡോ. ജോനദൻ പോൾ എന്നിവർ ക്ലാസുകൾ നടത്തി. യംഗ് ഇന്ത്യ സ്റ്റേറ്റ് ചെയർമാൻ നന്ദകുമാർ, റോഡ് സേഫ്റ്റി വെർട്ടിക്കൽ ചെയർമാൻ മനീഷ്, ശങ്കരി നായർ, ഡി.എസ്.എച്ച് കോഴ്സ് കോ ഓർഡിനേറ്റർ അശ്വതി നായർ തുടങ്ങിയവർ പങ്കെടുത്തു.