
വക്കം: വക്കത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ മനുഷ്യന്റെ അസ്‌തികൂടം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സമീപത്തുനിന്ന് കണ്ടെത്തിയ ഷർട്ടിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിൽ ഇയാൾ വർക്കല നെടുങ്ങണ്ട സ്വദേശി ശ്രീധരനാണെന്നാണ് പൊലിീസ് സംശയിക്കുന്നത്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശരീരാവശിഷ്ഠങ്ങളുടെ ഡി.എൻ.എ പരിശോധന കഴിഞ്ഞാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. രണ്ടുവർഷം മുമ്പാണ് ശ്രീധരനെ കാണാതാകുന്നത്.
വക്കം ചെറിയപള്ളിക്ക് സമീപം കൊന്നക്കുട്ടം വീട്ടിൽ സലാഹുദ്ദീന്റെ കിണറ്റിലാണ് കഴിഞ്ഞ ദിവസം അസ്തികൂടം കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചുവർഷമായി ഇവിടെ ആൾത്താമസമുണ്ടായിരുന്നില്ല. ഒരേക്കറോളം വിസ്തൃതിയുള്ള പറമ്പിൽ തെങ്ങിൻ തൈകൾ നടുന്നതിന്റെ ഭാഗമായാണ് കിണർ വൃത്തിയാക്കിയത്. കിണർ വൃത്തിയാക്കി വല കൊണ്ട് മൂടുന്നതിനിടയിലാണ് തലയോട്ടി ശ്രദ്ധയിൽപ്പെട്ടത്. തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കടയ്‌ക്കാവൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് തിരിച്ചറിയൽ രേഖ കണ്ടെത്തിയത്.