anchalikonam

പാറശാല: റോഡിലൂടെ എത്തുന്ന വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കാതെ നിർമ്മിച്ച ഓട, കൂടുതൽ വെള്ളക്കെട്ടിന് കാരണമാകുന്നതായി വ്യാപാരികളുടെ പരാതി. തിരക്കേറിയതും പ്രദേശത്തെ നിരവധി യാത്രക്കാർ ആശ്രയിക്കുന്നതും ബസ് റൂട്ട് കൂടിയായ പാറശാല - പ്ലാമൂട്ടുക്കട റോഡിൽ ഇടിച്ചക്കപ്ലാമൂടിനും അഞ്ചാലിക്കോണത്തിനും ഇടയ്ക്കുള്ള താഴ്ന്ന പ്രദേശത്താണ് ഓട നിർമ്മാണത്തെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായത്‌.

ഓട നിർമ്മാണത്തിലെ പാകപ്പിഴയാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. പ്രദേശത്ത് നേരത്തെ ഉണ്ടായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായിട്ടാണ് ഓട നിർമ്മിച്ചതെങ്കിലും ഓടയുടെ രണ്ടറ്റവും ഉയർന്ന പ്രദേശങ്ങളിൽ എത്തി അവസാനിക്കുന്നതല്ലാതെ ഓടയിലെത്തുന്ന വെള്ളം ഒഴുക്കി വിടുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. ഓട നിർമ്മിച്ചപ്പോൾ ഇടിച്ചക്കപ്ലാമൂട് ജംഗ്‌ഷൻ വരെ എത്തിച്ച ശേഷം ദേശീയപാതയിലെ ഓടയുമായി ബന്ധിപ്പിക്കുമെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നതെങ്കിലും ഉയർന്ന ഭാഗത്തുവച്ച് പണി അവസാനിപ്പിച്ച് പദ്ധതി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് അധികൃതർ സ്ഥലം വിടുകയായിരുന്നു. മഴക്കാലം എത്തിയതോടെ റോഡിലെ വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് ഓട നിർമ്മാണത്തിലെ പോരായ്മകളെക്കുറിച്ച് നാട്ടുകാർ കൂടുതൽ അറിയുന്നത്.വെള്ളക്കെട്ട് അപകടങ്ങൾക്ക് കാരണമായതോടെ അപകട മുന്നറിയിപ്പുമായി നാട്ടുകാർ ചേർന്ന് റോഡിൽ ചെടി നാട്ടിരിക്കുകയാണ് ഇപ്പോൾ.

ഓടയുടെ രണ്ടറ്റവും ഉയർന്ന പ്രദേശങ്ങളിൽ എത്തി അവസാനിക്കുന്നതല്ലാതെ ഓടിയിലെത്തുന്ന വെള്ളം ഒഴുക്കി വിടുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടില്ല.

പി.ഡബ്ല്യു.ഡി അധികൃതരുടെ ഓട നിർമ്മാണം നാട്ടുകാർക്ക് വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയായിട്ടുണ്ട്. ഓടയിലെത്തുന്ന വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കാത്തത് കാരണം മഴ പെയ്താൽ ആഴ്ചകളോളം റോഡിൽ വെള്ളക്കെട്ട് പതിവാകും. വെള്ളക്കെട്ടിൽ പെട്ട് നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.