
കല്ലമ്പലം: ശക്തിയായി മഴ പെയ്താൽ മുട്ടൊപ്പം വെള്ളം പൊങ്ങുന്ന സ്ഥിതിയിലാണ് നാവായിക്കുളം - തുമ്പോട് റോഡിൽ ഡീസന്റ് മുക്കിനും കപ്പാംവിളയ്ക്കും ഇടയ്ക്ക് പാറച്ചേരി ഭാഗത്ത്. ഇവിടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ട് കഴിഞ്ഞ മൂന്ന് മാസമായി. റോഡിന് സമീപം ഉയരത്തിലായിരുന്ന ഭൂമി സ്വകാര്യ വ്യക്തി ജെ.സി.ബി കൊണ്ടിടിച്ച് നിരപ്പാക്കിയതോടെയാണ് മഴസമയത്ത് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ട് തുടങ്ങിയത്. സമീപത്തെ വീടുകളിലേക്ക് വെള്ളം ഒഴുകി തുടങ്ങിയതോടെ വീട്ടുടമകൾ ഗേറ്റിന് മുൻവശം ഉയർത്തി തടയണ നിർമ്മിച്ചു. ഇതോടെ വെള്ളം റോഡിൽ കെട്ടിനിൽക്കാൻ തുടങ്ങി. റോഡിൽ മുട്ടിനൊപ്പം വെള്ളം കെട്ടിനിൽക്കുകയാണ് ഇപ്പോൾ.
പുലർച്ചെ ഇതുവഴി വരുന്ന പത്രവിതരണക്കാരുടെയും, മത്സ്യ വ്യാപാരികളുടെയും കാര്യമാണ് ഏറെ കഷ്ടം. ഈ സമയം സഹായത്തിനും ആളെ കിട്ടാൻ ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസം സ്കൂട്ടിയിൽ പത്രക്കെട്ടുമായി പോകുകയായിരുന്ന കപ്പാംവിള ഏജന്റിന്റെ 200 ഓളം പത്രം വെള്ളം കയറി നശിച്ചു. പല ദിവസങ്ങളിലായി 30 ഓളം വാഹനങ്ങൾ ഇവിടെ നിന്നുപോയി. മെക്കാനിക്കിനെ കൊണ്ടുവന്നാണ് പല വാഹനങ്ങളും സ്റ്റാർട്ട് ചെയ്തത്. റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇവിടെ നിന്ന് പോയത് - 30 ലേറെ വാഹനങ്ങൾ
നാട്ടുകാരുടെ ആവശ്യം
ശക്തമായ മഴ തുടരുന്ന സമയങ്ങളിൽ മാത്രമാണ് റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നത്. മഴ തോർന്നാൽ മണിക്കൂറുകൾക്കകം വെള്ളം താഴും. നിരവധി തവണ നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ദുരിതമായി മാറിയ റോഡിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാഹനങ്ങൾ നിന്നു പോകുന്നു
ഇതുവഴി പോകുന്ന വാഹനങ്ങളുടെ സൈലൻസറിലും, ഇലക്ട്രോണിക് സംവിധാനങ്ങളിലും വെള്ളം കയറി വാഹനം നിന്നുപോകുന്ന അവസ്ഥയാണ്. നിന്നുപോകുന്ന വാഹനങ്ങൾ പരസഹായമില്ലാതെ മാറ്റാൻ കഴിയില്ല.