തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ 'എന്റെ കേരളം മെഗാ പ്രദർശന വിപണന മേള' 27 മുതൽ ജൂൺ 2 വരെ കനകക്കുന്നിൽ നടക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 27ന് വൈകിട്ട് 5ന് നിശാഗന്ധിയിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.മന്ത്രി ആന്റണി രാജു അദ്ധ്യഷനാകും. മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയാകും. സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രദർശന സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, സേവന സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ പ്രശസ്തരായ കലാകാരന്മാർ നയിക്കുന്ന കലാപരിപാടികൾ എന്നിവയാണ് മേളയുടെ പ്രത്യേകത. കുടുംബശ്രീ, പട്ടികവർഗ വകുപ്പ്, ജയിൽ വകുപ്പ്, മിൽമ, ഫിഷറീസ് വകുപ്പ്,കെ.ടി.ഡി.സി, മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ തുടങ്ങിയവർ ഒരുക്കുന്ന അതിവിപുലമായ ഫുഡ് കോർട്ടും മേളയിൽ ഒരുക്കും.
പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് മേള. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നിശാഗന്ധിയിൽ ഊരാളി ബാൻഡ് പാട്ടും പറച്ചിലുമായി എത്തും.