
കെ.എസ്.ആർ.ടി.സി.700 സി.എൻ.ജി.ബസുകൾ വാങ്ങുന്നവത്രേ ! അതും 455 കോടി കിഫ്ബി വായ്പയിൽ 'സ്വിഫ്ട് കമ്പനിക്കു വേണ്ടിയാണത്രേ ബസ് വാങ്ങുന്നത് ! എന്തിനാണ് ഈ ധൂർത്ത് എന്നുമാത്രം മനസിലാകുന്നില്ല. നന്നാക്കി നിരത്തിലിറക്കാതെ ബസുകളെല്ലാം കൂട്ടിയിട്ട് നശിപ്പിക്കുന്നതിനെക്കുറിച്ച് കോടതി വിമർശിച്ചിട്ടു പോലും നടപടിയൊന്നും ഉണ്ടായതായി കണ്ടില്ല.
ഗതഗാതവകുപ്പും മാനേജ്മെന്റും ഓരോ ദിവസവും ഓരോ മണ്ടത്തരം എഴുന്നെള്ളിക്കുകയാണ്. ജീവനക്കാരെ ബദ്ധശത്രുക്കളായി കാണുന്ന ഇത്തരം മേലധികാരികൾ വേറൊരിടത്തും കാണുകയില്ല! ജോലി ചെയ്തവന് കൂലി കൊടുക്കില്ല!
നിങ്ങൾ സമരം ചെയ്തവരല്ലേ? സമരം ചെയ്ത് ശമ്പളം വാങ്ങിച്ചോ എന്നൊരു വെല്ലുവിളിയും! സമരം ചെയ്യാതെ ഉയർന്നുവന്നവരാണോ രാഷ്ട്രീയക്കാർ ?
അല്ല ഒന്നു ചോദിച്ചോട്ടെ, മന്ത്രിക്കോ എം.ഡി.ക്കോ രണ്ടുമാസത്തെ ശമ്പളം വൈകിപ്പിച്ചാലെന്താവും അവസ്ഥ?
കെ.എസ്.ആർ.ടി.സിയിൽ കെടുകാര്യസ്ഥതയുണ്ട് ; സകലതിലും! ഒരു നാഥനില്ലാ കളരിയാവുകയാണ് ഈ വകുപ്പ് . തമ്പാനൂരിലെ ബസ്സ് സ്റ്റാൻഡിൽ പോയാൽ മതി, ആ കെടുകാര്യസ്ഥത മനസിലാക്കാൻ ' ഒരേ സ്ഥലത്തേക്കുള്ള ബസുകൾ ഓരോ ദിവസവും സ്റ്റാൻഡിൽ പിടിക്കുന്നത് ഓരോ സ്ഥലത്ത്. സ്റ്റാൻഡിൽ നിന്നും ഏത് ബസ് എപ്പോൾ പുറപ്പെടുമെന്ന് ആർക്കും യാതൊരു നിശ്ചയവുമില്ല.
ഗ്രാമീണ മേഖലയിലെ ചില റൂട്ടുകളിൽ ബസുള്ളത് ആഴ്ചയിലൊരിക്കൽ മാത്രം ! ഇതൊക്കെ പോരേ വകുപ്പിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാകാൻ.
വി.സുധാകരൻ,
കഴിവൂർ,
നെയ്യാറ്റിൻകര