ചിറയിൻകീഴ്: മണ്ണെണ്ണ വിലവർദ്ധന തടയുക, മത്സ്യബന്ധനമേഖലയിലെ പ്രശ്‌നങ്ങൾക്ക് സർക്കാർ പരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മത്സ്യമേഖലാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പണിമുടക്ക് മുതലപ്പൊഴി ഹാർബറിൽ പൂർണം. ഒമ്പത് മത്സ്യത്തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുത്തത്. സമരം ശക്തമായതോടെ ഇന്നലെ ചെറുകിട മീൻ മാർക്കറ്റുകൾ ഭാഗികമായി സ്‌തംഭിച്ചു.

മീൻപിടിത്ത ബോട്ടുകളും വള്ളങ്ങളും കടലിൽ പോയില്ല. അനുബന്ധ മേഖലകളായ ഐസ് കമ്പനികൾ, സംസ്‌കരണ യൂണിറ്റുകൾ, വ‌ർക്ക്ഷോപ്പുകൾ, മീൻപിടിത്ത ഉപകരണങ്ങൾ വിൽക്കുന്ന കടകൾ എന്നിവയും പണിമുടക്കിൽ പങ്കെടുത്തു.