തിരുവനന്തപുരം: വളർച്ചാ വൈകല്യങ്ങളിൽ നിന്ന് കുട്ടികളെ മുക്തരാക്കാനുള്ള പദ്ധതിയായ സ്നേഹധാര എട്ട് വർഷം പിന്നിടുമ്പോൾ ആയിരത്തോളം കുട്ടികൾക്കാണ് ആശ്വാസമായത്.12 വയസിന് താഴെയുള്ള കുട്ടികളിലെ വളർച്ചാ വൈകല്യം തുടക്കത്തിലേ കണ്ടെത്തി ആയുർവേദ ചികിത്സയിലൂടെ പരിഹരിക്കുന്നതിന് തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിലെ ബാലചികിത്സാ വിഭാഗവുമായി ചേർന്ന് ജില്ലാപഞ്ചായത്ത് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്‌നേഹധാര.തുടക്കത്തിൽ 81 കുട്ടികളെ ചികിത്സിച്ച് തുടങ്ങിയ പദ്ധതി എട്ട് വർഷം പിന്നിട്ടുമ്പോൾ 3344 കുട്ടികൾക്ക് ചികിത്സ നൽകുന്നുണ്ട്.
പദ്ധതി ഇങ്ങനെ
ഭാരതീയ ചികിത്സാവകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്
മരുന്നുകൾ ഒൗഷധി വഴി വാങ്ങിയാണ് സൗജ്യമായി നൽകുന്നത്
ആയുർവേദ ഡി.എം.ഒ ,ഒരു കോർഡിനേറ്റർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ എന്നിവർക്കാണ് മേൽനോട്ടം
വളർച്ച വൈകല്യങ്ങളുള്ള കുട്ടികളെ കണ്ടെത്തി ചികിത്സ നൽകും
പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആയുർവേദ ആശുപത്രി,വർക്കല ആയുർവേദ ജില്ലാ ആശുപത്രി,കിഴുവിലം, പാറശാല,പാലോട് എന്നിവിടങ്ങളിലാണ് സ്നേഹദാര പദ്ധതി വഴി ചികിത്സ ലഭിക്കുന്നത്
പൂജപ്പുര ആശുപത്രിയിൽ 20 കിടക്കകളുള്ള കിടത്തി ചികിത്സ നടത്തുന്നു. ബാക്കിയുള്ള സ്ഥലങ്ങളിൽ ഒ.പി ചികിത്സയാണ്
പ്രത്യേകം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് കുട്ടികളെ കണ്ടെത്തുന്നത്
കുട്ടികൾക്ക് ഉണ്ടാകുന്ന പ്രധാന വൈകല്യങ്ങളായ സെറിബ്രൽ പാഴ്സി,ഓട്ടിസം,മെനിഞ്ജൈറ്റീസ് തുടങ്ങിയ ഏഴ് വൈകല്യ രോഗങ്ങൾക്ക് സൗജന്യമായി ചികിത്സ ലഭിക്കും
ജില്ലാപഞ്ചായത്ത് വർഷം 80 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവിടുന്നത്
ചികിത്സാരീതി
ശാരീരിക വൈകല്യമുളള കുട്ടികൾക്ക് ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം,കുട്ടികളുടെ ഭാഷാ പഠനത്തിനും സംഭാഷണ വൈകല്യങ്ങൾക്കും സ്പീച്ച് തെറാപ്പിസ്റ്റിന്റെ സേവനം, ആശയവിനിമയ വികസനം പെരുമാറ്റ നവീകരണം സാമൂഹീകരണം എന്നിവയ്ക്കായി സൈക്കോളജിസ്റ്റിന്റെ സേവനം
45 മുതൽ 90 ദിവസം വരെയുള്ള ചികിത്സാ രീതിക്ക് ശേഷം എല്ലാ മാസവും പരിശോധന ഉറപ്പാക്കും
എല്ലായിടത്തും ആഴ്ചയിൽ രണ്ട് ദിവസം ഒ.പിയുണ്ടാകും
പദ്ധതി വഴി 70 ശതമാനം കുട്ടികൾക്കും വൈകല്യങ്ങളെ അതിജീവിക്കാൻ കഴിയുന്നുണ്ട്
ഈ പദ്ധതിയുടെ ഗുഭോക്താക്കളായ കുഞ്ഞുങ്ങളുടെ രോഗമുക്തി തന്നെയാണ് ഈ പദ്ധതിയുടെ വിജയത്തിന്റെ അളവുകോൽ.സ്നേഹധാര വിപുലീകരണത്തിന് വേണ്ടി കൂടുതൽ തുക വകയിരുത്തി പുതിയ രീതികൾ ആവിഷ്കരിക്കും
- ഡി.സുരേഷ് കുമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്