geetha

തിരുവനന്തപുരം: ഉൗരാളുങ്കൽ ലേബർ ഫൗണ്ടേഷന്റെ സ്‌പേസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള ത്രിദിന സ്‌പേസ് ക്യാമ്പ് ആരംഭിച്ചു. കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ വി.എസ്.എസ്.സി സ്‌പേസ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റം പ്രോഗ്രാം ഡയറക്ടർ ഡോ.എസ്. ഗീത ഉദ്ഘാടനം ചെയ്‌തു.

മുഖ്യമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവും പദ്മശ്രീ ജേതാവുമായ എം. ചന്ദ്രദത്തൻ അദ്ധ്യക്ഷത വഹിച്ചു. ഐ.ഐ.എസ്.ടി രജിസ്ട്രാർ ഡോ.വൈ.വി.എൻ. കൃഷ്ണമൂർത്തി മുഖ്യാതിഥിയായി. യു.എൽ സ്‌പേസ് ക്ലബിന്റെ ചെയർമാൻ രമേശൻ പാലേരി ക്ലബിന്റെ പ്രാധാന്യം വിവരിച്ചു. ബഹിരാകാശ ശാസ്ത്രത്തിലെ മികവിന് വിദ്യാർത്ഥികളായ ആര്യാരാജ്, പി.എസ്. അഭിനന്ദ്, നൂർജലീല, ഭരത്ത് ശ്രീജിത്ത്, ജെ.ജെ. ചാരുദത്ത് എന്നിവരെയും പ്രവർത്തനമികവിന് ബാലുശേരി ജി.ജി.എച്ച്.എസ്.എസിലെ അദ്ധ്യാപകനായ യു.കെ. ഷജിലിനെയും ആദരിച്ചു.

ഉദ്ഘാടനത്തിനുശേഷം നടന്ന പാനൽചർച്ച ശാസ്ത്രജ്ഞരായ ഡോ.കെ. രാജീവ്, സി.ബി. കർത്ത, തോമസ് സി.ആർ, ഡോ.എസ്. സുരേഷ് ബാബു, ഷീജു ചന്ദ്രൻ, ഡോ. സ്‌മിത. വി. തമ്പി തുടങ്ങിയവർ നയിച്ചു. ബഹിരാകാശത്തിലെ ഗണിതപ്രചോദനങ്ങൾ എന്ന വിഷയത്തിൽ വി.എസ്.എസ്.സിയിലെ ഡോ.വി. ആദിമൂർത്തി നടത്തിയ അവതരണത്തിനുശേഷം ഐ.ഐ.എസ്.ടിയിലെ വിദഗ്ദ്ധസംഘം ഡാർക്ക് ലൈറ്റ് ഫോട്ടോഗ്രാഫിയിൽ പ്രഭാഷണം നടത്തി. തുടർന്ന് ഐ.ഐ.എസ്.ടി, എൽ.പി.എസ്.സി, കുസാറ്റ്, ആസ്‌ട്രോ കേരള എന്നിവ സംയുക്തമായി വാനനിരീക്ഷണം സംഘടിപ്പിച്ചു.

കോഴിക്കോട്ടുനിന്നുള്ള 17 യു.എൽ സ്‌പേസ് ക്ലബ് അംഗങ്ങളും തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളിൽ നിന്നായി 15വീതം വിദ്യാർത്ഥികളും ഉൾപ്പെടെ 62 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. 200 കുട്ടികൾ ഓൺലൈനായും പങ്കെടുക്കുന്നുണ്ട്.