aryaraj

തിരുവനന്തപുരം: സെറിബ്രൽ പാൾസിയെ തോല്പിച്ചും ശാസ്ത്രാഭിമുഖ്യം വിജയിപ്പിച്ചെടുക്കാമെന്ന് തെളിയിച്ച ശാസ്ത്രപ്രതിഭ ആര്യാരാജ് ത്രിദിന ക്യാമ്പിന് ആവേശമായി. അന്യഗ്രഹജീവനെപ്പറ്റി പഠിക്കുന്ന ആസ്ട്രോബയോളജിയാണ് ആര്യയുടെ പഠനമേഖല.

സെറിബ്രൽ പാൾസി രോഗബാധിതയായ ആര്യയ്‌ക്ക് ഇൗ വിഷയം പഠിക്കുന്നതിനായി ഐസറിൽ പ്രവേശനം നേടാൻ നിയമയുദ്ധം നടത്തേണ്ടിവന്ന കഥ കോഴിക്കോട് ജില്ലാ ജഡ്ജി ആർ.എൽ. ബൈജു പറഞ്ഞു. ഐസറിലെ യു.ജി കോഴ്സായ (ഇന്റഗ്രേറ്റഡ് പി.ജി) ബി.എസ്.എം.എസ് വിദ്യാർത്ഥിനിയായ കോഴിക്കോട് സ്വദേശി ആര്യയ്‌ക്ക് അരിസോണ സർവകലാശാലയിൽ ആസ്ട്രോബയോളജിയിൽ ഉന്നതപഠനം നടത്തുകയാണ് ലക്ഷ്യം.

ആര്യയെ നേരിട്ടുകാണാനാണ് താനെത്തിയതെന്ന് ഐ.ഐ.എസ്.ടി രജിസ്ട്രാറും പ്രൊഫസറുമായ ഡോ.വൈ.വി.എൻ കൃഷ്ണമൂർത്തി പ്രസംഗത്തിൽ പറഞ്ഞു. ' അന്യഗ്രഹജീവന്റെ സാദ്ധ്യതകളെപ്പറ്റി യു.എൽ സ്‌പേസ് ക്ലബ് നടത്തിയ വെബിനാറിൽ ആര്യ അവതരിപ്പിച്ച അവതരണം ശരിക്കും അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം സെമസ്റ്റർ മികവോടെ വിജയിച്ച ആര്യയ്ക്കുവേണ്ട പ്രത്യേക സൗകര്യങ്ങളോട് കൂടിയ വാസസ്ഥലമടക്കം ഐസർ അധികൃതർ നൽകുന്നുണ്ട്. ഇന്റീരിയർ ഡിസൈനറായ അച്ഛൻ രാജീവും പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥയായ അമ്മ പുഷ്പജയും മകളുടെ സ്വപ്‌നങ്ങൾക്ക് പിന്തുണയുമായുണ്ട്‌.