
മാനസികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ ദുരിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു
തിരുവനന്തപുരം : കൊവിഡ് കാലത്ത് ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ (എച്ച്.എം.സി) വരുമാനം നിലച്ചതോടെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് മുടങ്ങിയ ശമ്പളം നൽകാൻ സർക്കാർ പണം അനുവദിച്ചു. 31 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 2021 ഏപ്രിൽ മാസം മുതൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയ വാർത്ത ഏപ്രിൽ 2ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ 17ജീവനക്കാരാണ് ഒരുവർഷത്തോളം ശമ്പളമില്ലാതെ പണിയെടുത്തത്.ഇതിൽ 14പേർ സുരക്ഷാ ജീവനക്കാരും മൂന്നുപേർ കുക്ക്,നെയ്ത്ത് ഇൻസ്ട്രക്ടർ,ബുക്ക് ബൈൻഡിംഗ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിൽ ജോലിചെയ്യുന്നവരാണ്. ആശുപത്രി വികസനസമിതിക്കു കീഴിൽ താത്കാലികമായാണ് നിയമിച്ചിരിക്കുന്നത്.പ്രതിദിനം 710 രൂപയാണ് ശമ്പളം.ഒരുമാസം പരമാവധി 28ദിവസത്തെ ശമ്പളമാണ് ലഭിക്കുക.ആശുപത്രിയിൽ പരിശീലനത്തിന് എത്തുന്ന നഴ്സിംഗ് വിദ്യാർത്ഥികൾ ആളൊന്നിന് 1000 രൂപ വീതം അടയ്ക്കുന്ന ഫീസായിരുന്നു വികസന സമിതിയുടെ പ്രധാന വരുമാനം.എന്നാൽ കൊവിഡിൽ അത് നിലച്ചു.കൊവിഡിന്റെ ആദ്യഘട്ടത്തിൽ രണ്ടുഘട്ടങ്ങളായി ആറുമാസം വരെ ശമ്പളം മുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും എൻ.എച്ച്.എം ഫണ്ടിൽ നിന്നും തുക നൽകിയാണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്.എന്നാൽ കൊവിഡിന്റെ രണ്ടാംവരവിലാണ് പ്രതിസന്ധി രൂക്ഷമായത്.