തിരുവനന്തപുരം: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ.എം വിജയനുൾപ്പെടെയുള്ള മുൻകാല സൂപ്പർ താരങ്ങൾ വീണ്ടും കളത്തിലിറങ്ങുന്നു. 28 മുതൽ 30വരെ മാദ്ധ്യമ പ്രവർത്തകർക്കായി തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന യാനാ ട്രോഫി ഫുട്‌ബാൾ ടൂർണമെന്റിനോട് അനുബന്ധിച്ചാണ് മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടുന്ന ടീമും ഐ.പി.എസ്,​ ഐ.എ.എസ് ഓഫീസർമാർ അടങ്ങുന്ന ടീമും തമ്മിൽ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ പോരിനിറങ്ങുന്നത്. 29 ന് വൈകിട്ട് 4.30 ന് തുടങ്ങുന്ന പ്രദർശന മത്സരത്തിൽ വിജയനെക്കൂടാതെ യു. ഷറഫ്അലി, സി.വി. പാപ്പച്ചൻ, കുരികേശ് മാത്യു, ജോപോൾ അഞ്ചേരി, തോബിയാസ്, കെ.ടി. ചാക്കോ, ജിജു ജേക്കബ്, അപ്പുക്കുട്ടൻ, വി.പി. ഷാജി, ആസിഫ് സഹീർ, സരേഷ് കുമാർ, എബിൻ റോസ് എന്നിവരും കളിക്കാനിറങ്ങും. ഐ.പി.എസ്, ഐ.എ.എസ് നിരയിൽ ഡി.ജി.പി അനിൽകാന്ത് ഉൾപ്പെടെയുള്ളവരും ബൂട്ടുകെട്ടും.