പോത്തൻകോട്: പിതാവിന്റെയും രണ്ടാനമ്മയുടെയും മർദ്ദനത്തെ തുടർന്ന് ഏഴ് വയസുകാരന് പല്ല് നഷ്ടമായി. സംഭവത്തിൽ പിതാവ് കഴക്കൂട്ടം മര്യനാട് പള്ളിത്തുറ സ്വദേശി സൈനസും രണ്ടാം ഭാര്യയായ ഇടുക്കി സ്വദേശിക്കുമെതിരെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി. ഇടുക്കിയിലെ വീട്ടിലെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ മാതാവിന്റെ കഠിനംകുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്തി.

സംഭവത്തെപ്പറ്റി കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പറയുന്നത്: രണ്ടര വർഷം മുൻപ് സൈനസും മര്യനാട് സ്വദേശിയായ ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയിരുന്നു. തുടർന്ന് മകനെ ബന്ധുക്കളെ ഏല്പിച്ച ശേഷം മാതാവ് കാനഡയിൽ ജോലിക്ക് പോയി. രണ്ട് ദിവസത്തിന് ശേഷം സൈനസ് വീട്ടിലെത്തി കുട്ടിയെ ബലമായി ഇടുക്കിയിലുള്ള രണ്ടാം ഭാര്യയുടെ അടുത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് കുട്ടിക്ക് പലതവണ മർദ്ദനമേറ്റു. രണ്ടാം ഭാര്യയുടെ മർദ്ദനത്തിനിടെയാണ് കുട്ടിയുടെ മുൻവശത്തെ പല്ല് നഷ്ടമായത്. നിസാര കാര്യങ്ങൾക്ക് പോലും കുട്ടിയെ ഇരുവരും ചേർന്ന് ക്രൂരമായി മർദ്ദിക്കുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

തുടർന്ന് ഇവർ ചൈൽഡ് ലൈൻ പ്രവർത്തകരെയും കൂട്ടി ഇടുക്കിയിലെത്തി കുട്ടിയെ തിരികെ കൊണ്ടുവരികയായിരുന്നു. രണ്ടാനമ്മ മർദ്ദിച്ചതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ ദേഹത്ത് മർദ്ദനത്തിന്റെ പാടുകളും ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തി. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ചൈൽഡ് ലൈൻ പ്രവർത്തകർ ഇന്ന് പൊലീസിന് പരാതി നൽകും.