
കിളിമാനൂർ: സംസ്ഥാന പാതയിൽ നാല് റോഡുകൾ സന്ധിക്കുന്ന ശില്പാ ജംഗ്ഷനിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു. ബൈപ്പാസ്, കെ.എസ്.ആർ.ടി.സി, എം.എൽ.എ, ഞാവേലിക്കോണം റോഡുകളാണ് ഇവിടെ സംസ്ഥാന പാതയിൽ സന്ധിക്കുന്നത്. ഇവിടെയാണ് ഇന്റർലോക്കും, ടാറും ഇളകി നിരവധി കുഴികൾ രൂപപ്പെട്ടത്. മഴക്കാലത്ത് ചെളിവെള്ളം കെട്ടി നിൽക്കുന്നത് കാരണം കുഴികൾ കാണാതെ കാൽനടയാത്രക്കാരും ഇരുചക്ര യാത്രികരും അപകടത്തിൽപ്പെടുന്നു. രാത്രിയിലാണ് ഇവിടെ അപകടങ്ങൾ കൂടുതൽ. ഇവിടെ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് ഒരു മാസമായി പ്രവർത്തനരഹിതമായിട്ട്. അടിയന്തരമായി റോഡിലെ കുഴികൾ അടയ്ക്കുന്നതിനും ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.