
ഓരോ തവണ ഇന്ധനവില കൂട്ടുമ്പോഴും എണ്ണക്കമ്പനികൾ മുൻകൂട്ടി അറിയിക്കുമായിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും യഥാക്രമം എട്ടുരൂപയും ആറുരൂപയും കുറച്ച ദിവസം തന്നെ ആരോരുമറിയാതെ എണ്ണക്കമ്പനികൾ പെട്രോൾ വില 79 പൈസ വർദ്ധിപ്പിച്ചു. നികുതി കൂടി ചേർത്തപ്പോൾ 93 പൈസയുടെ വർദ്ധന . കേന്ദ്ര തീരുമാനപ്രകാരം ഒരു ലിറ്റർ പെട്രോൾ വിലയിൽ 10.41 രൂപ കുറയേണ്ടതായിരുന്നു. എന്നാൽ 9.48 രൂപ മാത്രമാണ് കുറഞ്ഞത്. 93 പൈസ സംസ്ഥാന സർക്കാർ കൗശലപൂർവം തട്ടിയെടുക്കുന്നെന്നാണ് ആക്ഷേപമുയർന്നത്. ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്നും ഉപഭോക്താവിനു കേന്ദ്ര തീരുമാനപ്രകാരം ലഭിക്കേണ്ടിയിരുന്ന ആനുകൂല്യം സൂത്രത്തിൽ തട്ടിയെടുത്തത് എണ്ണക്കമ്പനികൾ തന്നെയാണെന്നുമുള്ള വിവരമാണ് പുറത്തുവരുന്നത്. പെട്രോളിന്റെ അടിസ്ഥാന വിലയിൽ 79 പൈസ കൂട്ടിയ കാര്യം ജനങ്ങളെ അറിയിക്കാൻ കമ്പനികൾ മടിച്ചതാണ് വിവാദങ്ങൾക്കും ദുരാരോപണങ്ങൾക്കും കാരണം. സാധാരണ ഒരുളുപ്പുമില്ലാതെ ദിവസേന വാർത്താക്കുറിപ്പിലൂടെ വിലയിലെ മാറ്റം പുറത്തുവിടാറുള്ളതാണ്. കേന്ദ്രം വില കുറച്ചദിവസം തന്നെ പെട്രോൾവില വർദ്ധിപ്പിച്ചതിനു പിന്നിലെ കുറുക്കന്റെ ബുദ്ധിയും മനസിലാവുന്നില്ല. കേന്ദ്രം വരുത്തിയ കുറവ് ഏതാനും ദിവസങ്ങൾക്കകം എണ്ണക്കമ്പനികൾ നടത്തുന്ന വില പുനർനിർണയത്തിലൂടെ പൂർണമായും ഇല്ലാതാകുമെന്ന കേരള ധനമന്ത്രി ബാലഗോപാലിന്റെ പ്രവചനം വിശ്വസിക്കേണ്ടിവരും. വില കുറയ്ക്കുമ്പോൾ മറുവശത്ത് എണ്ണക്കമ്പനികൾ തുച്ഛമായ ആ ആനുകൂല്യം പോലും നഷ്ടപ്പെടുത്തുന്ന തീരുമാനമെടുത്താൽ വിലക്കുറവിന്റെ ഗുണം ജനത്തിന് ലഭിക്കുമോ?
ചെറിയ തോതിൽ പോലും പെട്രോളിനും ഡീസലിനും വില കുറച്ചാൽ സർക്കാരുകൾക്കുണ്ടാകുന്ന വലിയ വരുമാന നഷ്ടത്തെക്കുറിച്ച് പറയാറുണ്ട്. ഇപ്പോഴത്തെ നടപടിയിലൂടെ കേന്ദ്രത്തിന് ലക്ഷം കോടി രൂപയുടെ വരുമാനക്കുറവുണ്ടാകുമെന്നാണ് കണക്ക്. എന്നാൽ ദുർവഹമായ തോതിൽ ഉയർന്ന നികുതി ഈടാക്കുന്നതുകൊണ്ടാണ് ഇന്ധനവില്പന വഴി അളവറ്റ വരുമാനം കുന്നുകൂടുന്നതെന്ന യാഥാർത്ഥ്യം കേന്ദ്രം മറക്കുന്നു. യഥാർത്ഥത്തിൽ ഈടാക്കാവുന്ന വിലയുടെ ഇരട്ടിയോളം പിഴിഞ്ഞെടുത്തശേഷം നിൽക്കക്കള്ളിയില്ലാതെ വരുമ്പോഴാണ് ചെറിയൊരു ഭാഗം കുറയ്ക്കുന്നത്. അപ്പോഴുണ്ടാകുന്ന വരുമാന നഷ്ടത്തെ പർവതീകരിച്ചു കാണുന്നത് നിരർത്ഥകമാണ്. ഉത്പന്നത്തിന്റെ വിലയോളം തന്നെയോ അതിലധികമോ നികുതി ഈടാക്കുന്നതിലെ ജനവിരുദ്ധത എന്താണ് തിരിച്ചറിയാത്തത്. വില കൂട്ടാനും കുറയ്ക്കാനുമുള്ള പൂർണ അധികാരം എണ്ണക്കമ്പനികൾക്കു നൽകിയിരിക്കുകയാണ്. എണ്ണക്കമ്പനികൾക്കുമേൽ സർക്കാരിന്റെ നിയന്ത്രണം ഇപ്പോഴുമുണ്ട്. അതുകൊണ്ടാണല്ലോ തിരഞ്ഞെടുപ്പുകാലത്ത് ആഴ്ചകളോളം ഇന്ധനവിലയിൽ ഒരു മാറ്റവുമുണ്ടാകാത്തത്.
പെട്രോളിനും ഡീസലിനും വരുത്തിയ വിലക്കുറവ് പാചകവാതകത്തിനു ബാധകമാക്കിയിട്ടില്ലെന്നു മാത്രമല്ല വില വീണ്ടും കൂട്ടുകയും ചെയ്തു. ഗാർഹിക സിലിണ്ടറിന് പ്രഖ്യാപിതവില 1012 രൂപയാണ്. കൊണ്ടുവരുന്ന ആൾക്കുള്ള വിഹിതവും ചേർത്താൽ 1075 മുതൽ 1100 രൂപ വരെ നൽകണം. കടകൾക്കും മറ്റുമുള്ള സിലിണ്ടറിന്റെ വില ഇതിന്റെ ഇരട്ടിയാണ്. തട്ടുകട ഉൾപ്പെടെയുള്ള ചെറിയ ഭക്ഷ്യശാലകൾ നടത്തി ഉപജീവനം നടത്തുന്ന സാധാരണക്കാരനെ ഇന്ധനവില എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് എണ്ണക്കമ്പനികളോ സർക്കാരോ അറിയുന്നില്ല.