
കല്ലമ്പലം: ദേശീയ പാതയിൽ ഇരുപത്തിയെട്ടാം മൈലിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുപോയ ലോറിയും പാഴ്സൽ ലോറിയും കൂട്ടിയിടിച്ച് ഗ്യാസ് സിലിണ്ടർ ലോറിയിലെ ഡ്രൈവർക്ക് പരിക്ക്. പാരിപ്പള്ളി സ്വദേശി സുധിക്കാണ് പരിക്കേറ്റത്. ചൊവാഴ്ച രാവിലെ 11നായിരുന്നു സംഭവം. ഇരുപത്തിയെട്ടാം മൈൽ മങ്കാട്ടുവാതുക്കൽ പെട്രോൾ പമ്പിന് അടുത്തായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തു നിന്ന് പാരിപ്പള്ളി ഐ.ഒ.സിയിലേക്ക്, കാലിയായ ഗ്യാസ് സിലിണ്ടറുകൾ കയറ്റിപ്പോയ ലോറിയും കൊല്ലം ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ പാഴ്സൽ ലോറിയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയിലെ ഡ്രൈവർ പാരിപ്പള്ളി സ്വദേശി സുധിയുടെ കാലുകൾ ഡ്രൈവർ ക്യാബിനിൽ കുടുങ്ങി. തുടർന്ന് കല്ലമ്പലം ഫയർഫോഴ്സ് എത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. സുധിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കൊല്ലം ആശ്രാമം ആശുപത്രിയിലേക്കും മാറ്റി. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പാഴ്സൽ ലോറിയിലെ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.