തിരുവനന്തപുരം: പ്രസംഗം ഒരു കലയാണ്.വാക്ചാതുരി കൊണ്ട് ക്രാന്തദർശിയായ ഡോ.സുകുമാർ അഴീക്കോട് സൃഷ്ടിച്ചെടുത്ത കേൾവിക്കാരെയും അതുണ്ടാക്കിയ ചലനങ്ങളും പകരംവയ്ക്കാനാവാത്തതാണ്.അദ്ദേഹത്തിന്റെ പേരിലുള്ള ആദരത്തിന് നൂറിരട്ടി തിളക്കമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.ഡോ.സുകുമാർ അഴീക്കോട് ട്രസ്റ്റ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ ആദരവ് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഉപഹാര സമർപ്പണവും ചടങ്ങിന്റെ ഉദ്ഘാടനവും ട്രസ്റ്റ് ചെയർമാൻ (യു.എ.ഇ) കെ.സുധാകരൻ നിർവഹിച്ചു. ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.കവിയും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററുമായ ഡോ. ഇന്ദ്രബാബു,ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ.ആർ.അജയൻ,ട്രസ്റ്റ് വൈസ് പ്രസിഡന്റ് ശിവദാസൻ കുളത്തൂർ, ട്രസ്റ്റ് അംഗം പി.മോഹനവല്ലി,പനവിള രാജശേഖരൻ,ജി.വി ദാസ്,എ.ബദറുദ്ദീൻ,കെ.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.