തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി ഫ്ളൈഓവറിന്റെ അപ്രോച്ച് റോഡ് വെള്ളക്കെട്ട് ഒഴിവാക്കാൻ പൊളിച്ചതിനെ റോഡ് തകർന്നതായി തെറ്റിദ്ധരിച്ച് പ്രതിഷേധം. നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുന്ന ഫ്ളൈഓവറിൽ ശ്രീചിത്ര ആശുപത്രിക്ക് സമീപത്തെ അപ്രോച്ച് റോഡാണ് വെള്ളക്കെട്ടിനെ തുടർന്ന് കഴിഞ്ഞദിവസം പൊളിച്ചത്.

മെഡിക്കൽ കോളേജ്, ആർ.സി.സി, ശ്രീചിത്ര, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ, ഡെന്റൽ കോളേജ് എന്നിവിടങ്ങളിലെത്തുന്ന വാഹനയാത്രക്കാർ മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽപ്പെടുന്നതിന് പരിഹാരം കാണാനാണ് ഫ്ലൈഓവർ നി‌ർമ്മിച്ചത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് സമീപത്തുനിന്ന് ആരംഭിക്കുന്ന ഫ്ളൈഓവർ ശ്രീചിത്ര ആശുപത്രിക്ക് സമീപമാണ് അവസാനിക്കുന്നത്. ഇൻകെൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ മുംബയ് ആസ്ഥാനമായ റേ കൺസ്ട്രക്‌ഷൻ ലിമിറ്റഡിനായിരുന്നു നിർമ്മാണച്ചുമതല.

പാലത്തിലെ വെള്ളം ഒഴിവാക്കാൻ റോഡിന്റെ ഉയരം കൂട്ടാനും ഡ്രെയിനേജിനുമായി അപ്രോച്ച് റോഡിന്റെ ഒരുഭാഗം കഴിഞ്ഞദിവസം പൊളിക്കുകയായിരുന്നുവെന്നാണ് നിർമ്മാണ കമ്പനിയുടെ വാദം. എന്നാൽ പാലം മഴയിൽ ഇടിഞ്ഞുതാണെന്ന വിധത്തിൽ വാർത്ത വന്നതിനുപിന്നാലെ കോൺഗ്രസ്,​ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തെത്തി.

വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലത്തിൽ റീത്തുവച്ച് പ്രതിഷേധിച്ചു. അപ്രോച്ച് റോഡ് ഇടിഞ്ഞെന്ന പ്രചാരണത്തെ തുടർന്ന് കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടർ പുരുഷോത്തമനും സ്ഥലത്തെത്തി. ശ്രീചിത്രയുടെ ഭാഗത്തെ റോഡിൽ നിന്ന് അപ്രോച്ച് റോഡിലേക്ക് മഴവെള്ളമെത്തുന്നത് ഒഴിവാക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് സ്ഥലം സന്ദർശിച്ച കിഫ്ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാലത്തിനോ അപ്രോച്ച് റോഡിനോ ഒരുതരത്തിലുള്ള ബലക്ഷയവുമുണ്ടായിട്ടില്ലെന്നും നിർമ്മാണത്തിൽ യാതൊരു പിഴവുമില്ലെന്നും കിഫ്ബി അറിയിച്ചു.

ടാറിംഗ്, ഡ്രെയിനേജ്, റോഡിലെ സിഗ്നലുകൾ, വഴിവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ പാലത്തിൽ ഇനിയും ബാക്കിയുണ്ട്. മെഡിക്കൽ കോളേജ് മാസ്റ്റർ പ്ലാനിന്റെ ഒന്നാംഘട്ടമായാണ് 18 കോടി ചെലവിൽ 340 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഫ്ളൈഓവർ പണിതത്.

റീട്ടെയ്‌നിംഗ് വാൾ സഹിതമാണ് അപ്രോച്ച് റോഡ്. പാലത്തിന് നേരിയ വളവും ചരിവുമുള്ള ഇവിടെ മെഡിക്കൽ കോളേജ്, ശ്രീചിത്ര റോഡുകളിൽ നിന്നുള്ള വെള്ളം അപ്രോച്ച് റോഡിലാണെത്തുന്നത്. ഡ്രെയിനേജ് സംവിധാനം യാഥാർത്ഥ്യമാകുമ്പോൾ വെള്ളക്കെട്ടിന് പരിഹാരമാകും. ഭാരപരിശോധനയിൽ പാലം സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലവും റോഡും തകർന്നെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്.

വിനോദ് കുമാർ, ചീഫ് എൻജിനിയർ, ഇൻകെൽ ലിമിറ്റഡ്