cng

തിരുവനന്തപുരം: വില്പന കുറഞ്ഞതോടെ വൻ ഓഫറുകളുമായാണ് സി.എൻ.ജി ബസ് നിർമ്മാണ കമ്പനികൾ ആവശ്യക്കാരെ സമീപിക്കുന്നത്. വില കുറച്ചു നൽകുന്നതിനു പുറമേ, മറ്റ് ഓഫറുകളും ഉണ്ടാകും. ഇതു 'മുതലാക്കി' ബസുകൾ വാങ്ങിക്കൂട്ടാനാണ് കെ.എസ്. ആർ.ടി.സിയുടെ നീക്കം.

കിഫ്ബിയിൽ നിന്നു കടമെടുത്ത 455 കോടി രൂപ കൊണ്ട് സി.എൻ.ജി ബസുകൾ വാങ്ങുന്നതോടെ, കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താൻ രൂപീകരിച്ച സ്വിഫ്ട് കടക്കെണിയിലാവുമെന്ന ആശങ്ക ശക്തമാണ്.

2016-17ൽ സി.എൻ.ജി ബസ് വാങ്ങുന്ന പദ്ധതി പരിഗണനയിലെത്തിയപ്പോൾ, അതേക്കുറിച്ച് പ്രാഥമിക പഠനം നടത്തിയ കെ.എസ്.ആർ.ടി.സിയുടെ അന്നത്തെ എം.ഡി എതിർത്തു. പിന്നീട് വന്ന സി.എം.ഡിമാരും അതേ നിലപാടിലായിരുന്നു.

‌‌ഡീസൽ ബസിനെ അപേക്ഷിച്ച് ആയുസ് കുറവാണെന്നു മാത്രമല്ല, പരിചരണത്തിൽ അതീവ ശ്രദ്ധയും വേണം. പെട്ടെന്ന് ചൂടുപിടിക്കുന്ന എൻജിനാണ്. ലോഡ് വഹിക്കാനുള്ള ശേഷി കുറവാണ്. അടിക്കടി കയറ്റങ്ങളുള്ള കേരളത്തിലെ റോഡുകൾക്ക് ഇണങ്ങില്ല.

സി.എൻ.ജി ബസുകൾ ഓർഡിനറി സർവീസിനും തീരദേശ സർവീസിനും ഉപയോഗിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് വാർത്താകുറിപ്പിൽ അറിയിച്ചത്. ദീർഘദൂര സർവീസിനുള്ള സ്വിഫ്ട് കമ്പനി എങ്ങനെ ഓർഡിനറി സർവീസ് നടത്തുമെന്ന് വ്യക്തമല്ല.

പൊരുത്തപ്പെടാത്ത കണക്ക്

സി.എൻ.ജിയിൽ ഫോർ സിലിണ്ടർ, സിക്സ് സിലിണ്ടർ ബസുകളുണ്ട്. സംവിധാനങ്ങൾ അനുസരിച്ച് 30 ലക്ഷം മുതൽ 56 ലക്ഷം രൂപ വരെ വിലയുണ്ട്. സർക്കാർ പറഞ്ഞ കണക്ക് പ്രകാരം ബസിന് 65 ലക്ഷം രൂപ വേണ്ടിവരും. ഡീസൽ ബസും സി.എൻ.ജി ബസും തമ്മിൽ വലിയ വില വ്യത്യാസം ഇല്ലെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് പറയുന്നത്.