ശ്രീകാര്യം: ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വൃദ്ധയ്ക്ക് തുണയായി ജനമൈത്രി പൊലീസ്. ചെറുവയ്ക്കൽ കരുവംമൂല മോഹനവിലാസത്തിൽ മാധവിക്കുട്ടി അമ്മയെയാണ് (85) വാർഡ് കൗൺസിലറും ശ്രീകാര്യം ജനമൈത്രി പൊലീസും ചേർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. വീടിന് പുറത്ത് വീണ് കടന്നിരുന്ന മാധവിക്കുട്ടി അമ്മയെ ഇന്നലെ രാവിലെയാണ് സമീപവാസികൾ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇവരെ കുളിപ്പിച്ച് നല്ല വസ്ത്രങ്ങൾ ഉടുപ്പിച്ചു. ഇവരുടെ മക്കളെ ഫോണിൽ വിളിച്ചെങ്കിലും സ്വന്തം അമ്മയെ ഏറ്റുവാങ്ങാൻ അവർ തയ്യാറായില്ല.
തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പിൽ വിവരമറിയിച്ചു. നാലു മക്കളുള്ള അമ്മയെ മക്കളാരും തിരിഞ്ഞു നോക്കാറില്ലെന്ന് സമീപവാസികളും കൗൺസിലറും പറയുന്നു. കുറച്ച് മാറിയാണ് മക്കൾ താമസിക്കുന്നത്. ഒരു ചെറുമകനാണ് ആഹാരം എത്തിച്ചിരുന്നത്. ബാങ്കിലുണ്ടായിരുന്ന പണവും സ്വർണവുമൊക്കെ മക്കൾ കൊണ്ടുപോയതായി അമ്മ പറയുന്നു. ദിവസങ്ങൾക്ക് മുൻപ് വീട്ടിനുള്ളിൽ വീണ് തലയ്ക്ക് പരിക്കേറ്റെങ്കിലും ആരും ചികിത്സ നൽകാൻ തയ്യാറായില്ല.