manchadi

മലയിൻകീഴ്: കാൽനട യാത്രപോലും സാദ്ധ്യമാകാതെ ഗ്രാമീണ റോഡുകൾ തകർന്ന് കിടന്നിട്ട് കാലങ്ങൾ കഴിഞ്ഞു. ഇരട്ടക്കലുങ്ക്-ഈഴക്കോട്, കരിപ്പൂര്-പ്രകൃതി ഗാർഡൻസ് എന്നീ റോഡുകളിലൂടെ യാത്ര ചെയ്യണമെങ്കിൽ സർക്കസ് വശമുള്ളവർക്കേ കഴിയൂവെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലമായതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമാകും. മലയിൻകീഴ് പഞ്ചായത്തിലെ മഞ്ചാടി വാർഡിലുൾപ്പെട്ട മൂഴിനട - മഞ്ചാടി റോഡ് തകർന്ന് വൻകുഴി രൂപപ്പെട്ടിട്ട് നാളുകളായി. റോഡ് തകർന്നതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും പോകാനാകാത്തവിധം റോഡ് തകർന്ന് വെള്ളക്കെട്ടുമായി കിടക്കുകയാണ്. റോഡാകെ പൊട്ടിപ്പൊളിഞ്ഞതിനാൽ നടന്നുപോകാൻപോലും കഴിയില്ല. തച്ചോട്ടുകാവ്, മങ്കാട്ടുകടവ് റോഡുകളിൽ നിന്ന് പോകുന്നവർ മലയിൻകീഴ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും മറ്റ് യാത്രാബുദ്ധിമുട്ടുകൾ നേരിടുമ്പോഴും കാർ, മിനിലോറി യാത്രക്കാർ ഈ റോഡിലൂടെയാണ് അന്തിയൂർക്കോണം, കാട്ടാക്കട ഭാഗത്തേക്ക് പോകാറുള്ളത്. നിരവധി കുടുംബങ്ങളാണ് ഈ റോഡിന് ഇരുവശത്തുമായി താമസിക്കുന്നത്. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഉടൻ ശരിയാക്കാമെന്ന പതിവ് പല്ലവിയാണ് അവരിൽ നിന്ന് ലഭിക്കുന്നത്.

പരിഗണനയില്ലാതെ റോഡുകൾ

വിളവൂർക്കൽ ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഇരട്ടക്കലുങ്ക്-ഈഴക്കോട്, കരിപ്പൂര്-പ്രകൃതി ഗാർഡൻസ് റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കരിപ്പൂര് പ്രകൃതി ഗാർഡൻസ് ഭാരവാഹികൾ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ല. റോഡ് ഇപ്പോഴും പഴയപടിതന്നെ. 11 വർഷം മുൻപ് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച മഞ്ചാടി-മൂഴിനട റോഡിന്റെ ഭൂരിഭാഗവും വൻ കുഴികളാണ്. കുഴികളിൽ വീണ് ഇരുചക്രവാഹനയാത്രികർ അപകടത്തിലാകുന്നത് പതിവാണ്. ഇതേ അവസ്ഥയാണ് വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്തെ റോഡുകൾക്കുമുള്ളത്. സഞ്ചാരയോഗ്യമല്ലാതെയുള്ള റോഡുകളുടെ ദുരവസ്ഥയ്ക്ക് പഞ്ചായത്ത് ഭരണസമിതികൾ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

റേഡ് നന്നാക്കണം

തകർന്ന റോഡുകൾ നവീകരിക്കണമെന്ന ആവശ്യവുമായി വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പഞ്ചായത്ത് അധികൃതരെയും വാർഡ് അംഗങ്ങളെയും സമീപിച്ചിട്ടും ഫലമുണ്ടായില്ല. പഞ്ചായത്തിന് അനുവദിക്കാൻ കഴിയുന്ന ഫണ്ടിന് പരിമിതിയുണ്ടെന്നാണ് അധികൃതരുടെ പക്ഷം. ജീവൻ പണയപ്പെടുത്തിയാണ് സ്വകാര്യ വാഹനങ്ങൾ ഇതുവഴി കടന്നുപേകുന്നത്. മഴ പെയ്താലുടൻ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതും പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്. ഗ്രാമീണ റോഡുകൾ നവീകരിക്കണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമായിട്ടുണ്ട്.