df

 ഈ വർഷത്തെ ആദ്യപാദത്തിൽ 72.48% വളർച്ച

തിരുവനന്തപുരം: നല്ലകാലം തിരികെപ്പിടിക്കാനുള്ള കായകല്പചികിത്സയുടെ ഊർജത്തിൽ ബഹുദൂരം മുന്നോട്ടോടി കേരളടൂറിസംമേഖല. കൊവിഡിൽ നട്ടെല്ലൊടിഞ്ഞെങ്കിലും വളർച്ചയുടെ പാതയിലേക്ക് ടൂറിസം തിരിച്ചെത്തിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഈ വർഷത്തെ ആദ്യപാദത്തിൽ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. 22 ലക്ഷം ആഭ്യന്തര സഞ്ചാരികൾ എത്തിയ കഴിഞ്ഞ വർഷത്തേക്കാൾ 72.48 ശതമാനം വളർച്ചയാണ് ഉണ്ടായതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനുവരി മുതൽ മാർച്ച് വരെ 16 ലക്ഷം സഞ്ചാരികളുടെ വർദ്ധനയാണ് ഉണ്ടായത്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തെ ആദ്യ പാദത്തിലെ 14,489ൽ നിന്ന് 200.55 ശതമാനം വർദ്ധനയോടെ ഈവർഷം ആദ്യപാദത്തിൽ 43,547 ലേക്ക് എത്തി. 29,000 വിദേശ സഞ്ചാരികളാണ് കഴിഞ്ഞവർഷത്തേക്കാൾ അധികമായി എത്തിയത്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് കൂടുതൽ വിദേശ സഞ്ചാരികളെത്തിയത്. കഴിഞ്ഞവർഷം ഒക്ടോബർ - ഡിസംബർ മാസങ്ങളിൽ നടത്തിയ 360 ഡിഗ്രി പ്രചാരണത്തിന് ഫലമുണ്ടായെന്നും മന്ത്രി പറഞ്ഞു.

കൊവിഡിനുശേഷം ഏറ്റവും കൂടുതൽപേർ ഒത്തുകൂടിയത്‌ ബേപ്പൂർ വാട്ടർ ഫെസ്റ്റിനാണ്, മൂന്നരലക്ഷത്തോളംപേർ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് ഉടനെ പ്രഖ്യാപിക്കും. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ നേട്ടമാകും.

 വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പരിപാലനം ഉറപ്പാക്കേണ്ടത് സുപ്രധാനമാണ്. അതിലേക്കായി യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കും. കാരവൻ ടൂറിസം, സാഹസിക ടൂറിസം, ചാമ്പ്യൻസ്‌ ബോട്ട് ലീഗിന്റെ രണ്ടാം പതിപ്പ്, ഉത്തരവാദിത്ത ടൂറിസം, സ്ട്രീറ്റ് പദ്ധതി ഇവയെല്ലാം വിനോദസഞ്ചാരികളുടെ വരവിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിക്കും.

പി.എ.മുഹമ്മദ് റിയാസ്

മന്ത്രി

 ആഭ്യന്തര സഞ്ചാരികളുടെ വരവ് (ആദ്യ 5 ജില്ലകൾ)

എറണാകുളം - 8,11,426

തിരുവനന്തപുരം - 6,00,933

ഇടുക്കി - 5,11,947

തൃശൂർ - 3,58,052

വയനാട് - 3,10,322