l

കടയ്ക്കാവൂർ: ജീവിക്കാനും ചികിത്സയ്ക്കും പണമില്ലാതെ കാൻസർ രോഗി ബുദ്ധിമുട്ടുന്നു. നെടുങ്ങണ്ട പ്ലാവഴികം ചരുവിൽ വീട്ടിൽ രാജേന്ദ്രനും കുടുംബവുമാണ് ദുരിതമനുഭവിക്കുന്നത്. കുട നന്നാക്കലും മറ്റ് കൂലിപ്പണികളും ചെയ്താണ് രാജേന്ദ്രൻ കുടുംബം നോക്കിയിരുന്നത്. കഠിനമായ നടുവേദനയിലായിരുന്നു തുടക്കം. പല ചികിത്സകൾ ചെയ്‌തെങ്കിലും വേദന കുറഞ്ഞില്ല. മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് രാജേന്ദ്രന് കാൻസർ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. നട്ടെല്ലിലും അടിവയറ്റിലും കഴുത്തിലുമാണ് കാൻസർ ബാധ. ബന്ധുക്കളും സുഹൃത്തുക്കളും മറ്റു പരിചയക്കാരും നൽകിയ സഹായത്താലായിരുന്നു ചികിത്സ.

രണ്ട് മക്കളും ഭാര്യയും അടങ്ങിയതാണ് കുടുംബം. രോഗം മൂർച്ഛിച്ചതോടെ രാജേന്ദ്രനും ഭാര്യയ്ക്കും ജോലിക്ക് പോകാൻ കഴിയാതെയായതോടെ കൂലിവേലക്കാരനായ മകന്റെ വരുമാനമായിരുന്നു ഏക ആശ്രയം. സ്ഥിരമായി മകന് ജോലിയില്ലാത്തതിനാൽ പലപ്പോഴും രാജേന്ദ്രന് മരുന്ന് വാങ്ങാൻ പോലും നിവൃത്തിയില്ലാതെ കഷ്ടപ്പെടുകയാണ് കുടുംബം. ഇതിനിടെ വീട് നിലപൊത്തുമെന്നായപ്പോൾ അറ്റകുറ്റപ്പണികൾക്കായി വർക്കല കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് 1,30,000 രൂപ ലോൺ എടുത്തു. രാജേന്ദ്രൻ കിടപ്പിലായത്തോടെ അതിന്റെ തവണകളും മുടങ്ങി. ഇപ്പോൾ വീട് ജപ്തി ഭീഷണിയിലാണ്.

കാത്തലിക് സിറിയൻ ബാങ്കിന്റെ വിളബ്ഭാഗം ശാഖയിൽ രാജേന്ദ്രന്റെ ഭാര്യ ഉഷയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 01600262415119071. ഐ.എഫ്.എസ്.സി കോഡ്: CSBK0000160. ഫോൺ: 8592816408.