sainik

തിരുവനന്തപുരം:ദൈനംദിന ചെലവുകൾക്ക് പണമില്ലാതെ പ്രതിസന്ധിയിലായ കേരളത്തിലെ ഏക സൈനിക സ്‌കൂളായ കഴക്കൂട്ടം സൈനിക സ്‌കൂളിലെ ദുരവസ്ഥയ്ക്ക് മാറ്റം വരുന്നു.സ്കൂ‌ളിലെ പെൻഷൻകാരുടെ ബാദ്ധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കും.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പിടാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. പെൻഷൻകാരുടെ ബാദ്ധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. പട്ടികവിഭാഗക്കാരായ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് തുക കാലോചിതമായി പരിഷ്‌കരിക്കാനും വ്യവസ്ഥയുണ്ട്.പെൻഷൻ ബാദ്ധ്യത ഏറ്റെടുത്തതായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ സർക്കാർ അറിയിക്കും.അതിനുശേഷമാകും ധാരണപത്രം ഒപ്പിടുക.സ്‌കൂളിലെ പ്രതിസന്ധി സംബന്ധിച്ച് കേരളകൗമുദി നേരത്തെ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.പെൻഷൻ ഏറ്റെടുക്കുമെന്ന് മുൻ ധനമന്ത്രി ഡോ.തോമസ് ഐസക് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികൾ ഇഴയുകയായിരുന്നു.

ബാദ്ധ്യത 5 കോടി

പെൻഷൻ ഏറ്റെടുക്കുമ്പോൾ സർക്കാരിന് പ്രതിവർഷം അഞ്ചുകോടി രൂപയുടെ ബാദ്ധ്യതയുണ്ടാകും.നൂറോളം പെൻഷൻകാരാണുള്ളത്.ആദ്യകാലത്ത് വിരമിക്കുന്നവർക്ക് പെൻഷൻ നൽകാറില്ലായിരുന്നു.1988-ൽ വിരമിച്ച ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്നാണ് പെൻഷൻ അനുവദിക്കണമെന്ന് വിധിയുണ്ടായത്. ശമ്പളവും പെൻഷനും കൂടിയായപ്പോൾ ഫീസ് കൂട്ടിയിട്ടും മറികടക്കാനാകാത്ത പ്രതിസന്ധിയായി.ഇതോടെയാണ് പെൻഷൻ ബാദ്ധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് സൊസൈറ്റി ആവശ്യപ്പെട്ടത്.വിദ്യാർത്ഥികൾ നൽകുന്ന ഫീസിൽ നിന്നാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.ഫീസ് ഉൾപ്പെടെ ശരാശരി 4.5 കോടിയാണ് സ്‌കൂളിന്റെ വാർഷിക വരുമാനം.കേന്ദ്ര സർക്കാരിൽ നിന്ന് അഡീഷണൽ ഫണ്ടായി പ്രതിവർഷം 3.5 കോടി രൂപ ലഭിക്കും.630 വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും അടക്കം 80 ജീവനക്കാരാണ് സ്‌കൂളിലുള്ളത്.സൊസൈറ്റിയുടെ ചെയർമാൻ പ്രതിരോധമന്ത്രിയാണ്.കേണൽ, ലഫ്റ്റനന്റ് കേണൽ റാങ്കിലുള്ളവരാണ് പ്രിൻസിപ്പൽ,വൈസ് പ്രിൻസിപ്പൽ,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിവർ.സ്‌കൂളിൽ എൻ.സി.സി സ്‌റ്റാഫ്,പി.ടി സ്റ്റാഫ് എന്നിവരെ നിയമിക്കുന്നതും പ്രതിരോധസേനയാണ്. പ്രതിരോധ സേനാംഗങ്ങളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പ് സേന നൽകും.