തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രറി കുടിശ്ശികയുള്ള അംഗങ്ങൾക്കായി ജൂൺ എട്ട് മുതൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടത്തും. ലൈബ്രറി കുടിശ്ശിക വരുത്തിയിട്ടുള്ള അംഗങ്ങൾക്ക് ഇതു വഴി റവന്യൂ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകാം.
പദ്ധതി പ്രകാരം ലൈബ്രറി അംഗങ്ങൾക്ക് കൈവശമുള്ള സമയപരിധി കഴിഞ്ഞ പുസ്തകങ്ങളും ആനുകാലികങ്ങളും തിരികെ ഏൽപ്പിച്ച് പിഴ സംഖ്യയിനത്തിൽ ഇളവുകൾ നേടാം. നഷ്ടപ്പെട്ട പുസ്തകത്തിന് പകരം പുതിയ പുസ്തകം വാങ്ങി നൽകാനുള്ള അവസരം ഉണ്ടാകും. ജൂൺ 8 മുതൽ ഓഗസ്റ്റ് 7 വരെ (പൊതു അവധി ദിവസങ്ങളിൽ ഒഴികെ) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അംഗങ്ങൾക്ക് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നേരിട്ടെത്തി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി ലൈബ്രറി കുടിശ്ശിക തീർപ്പാക്കാം.