തിരുവനന്തപുരം: സ്‌കൂൾ തുറക്കാൻ ഒരാഴ്ച ശേഷിക്കെ അവസാനവട്ട ഒരുക്കത്തിലാണ് ജില്ലയിലെ വിദ്യാലയങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 997 സ്‌കൂളുകളിലും ക്ലാസ് മുറികളും പരിസരങ്ങളും ശുചിയാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് കഴക്കൂട്ടം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അതേദിവസം സബ് ജില്ലാതലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കും.
സ്‌കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ജില്ലയിൽ 3.28 ലക്ഷത്തിലധികം കുട്ടികളാണ് ഈ വർഷം വിദ്യാലയങ്ങളിലെത്തുന്നത്. ജില്ലയിലെ ഭൂരിഭാഗം സ്‌കൂളുകൾക്കും ഇതിനോടകം ഫിറ്റ്നസ് ലഭിച്ചുകഴിഞ്ഞു. ബാക്കിയുള്ള സ്‌കൂളുകളിൽ പരിശോധന നടത്തി 31നകം സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നും നാളെയുമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ സ്‌കൂളുകളും സന്ദർശിച്ച് ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. സ്‌കൂൾ ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ മേയ് 31ന് മുമ്പായി നേടിയിരിക്കണം. പൊലീസ് ക്ലിയറൻസ് ലഭിച്ചവരെ മാത്രമേ സ്‌കൂൾ വാഹനങ്ങളിൽ ഡ്രൈവർമാരായി നിയമിക്കാവൂ എന്ന നിർദ്ദേശം വിദ്യാലയങ്ങൾക്ക് നൽകിയിട്ടുണ്ട്. സ്‌കൂൾ മേലധികാരികൾ ഇവ പരിശോധിച്ച് ഉറപ്പുവരുത്തണം. കെ.എസ്.ആർ.ടിസിയുമായി സഹകരിച്ച് കുട്ടികൾക്ക് സ്‌കൂളുകളിലേക്ക് എത്താൻ വേണ്ട യാത്രാസൗകര്യങ്ങൾ ഒരുക്കണം. ട്രൈബൽ മേഖലയിലെ കുട്ടികൾക്ക് യാത്രാസൗകര്യമൊരുക്കുന്ന ഗോത്രസാരഥി പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ നടപടിയെടുക്കണം.
സ്‌കൂളുകളുടെ പരിസരത്ത് ലഹരി വസ്തുക്കൾ ഉപഭോഗവും വില്പനയും തടയാൻ എക്‌സൈസ്, പൊലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്‌കൂൾ അധികൃതരും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. ഇന്നും നാളെയും 12 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി ജില്ലയിൽ പ്രത്യേക വാക്‌സിനേഷൻ യജ്ഞം നടത്തുന്നുണ്ട്.
എ.ഡി.എം ഇ. മുഹമ്മദ് സഫീർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ. എസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ബോസ്‌ലെ, ഡി.ഇ.ഒ സുരേഷ് ബാബു, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ ജവാദ് എസ്, ഡി.ഇ.ഒ ആർ.ബാബു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ എ.റഹിം, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ ചിത്ര. ഒ.എസ്, മോഡൽ സ്‌കൂളുകളുടെ പ്രിൻസിപ്പൽമാർ, ഡയറ്റ് പ്രിൻസിപ്പൽ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പ്രതിനിധികൾ, പൊലീസ്, ഫയർ ആൻഡ് റസ്‌ക്യൂ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.