
ചിറയിൻകീഴ്: ദേശീയപാതയിൽ ആറ്റിങ്ങലിൽ നിന്ന് പെരുമാതുറ തീരദേശപാതയിലേക്കുള്ള പ്രധാന പാതയിലെ കലുങ്ക് തകർന്നു. പെരുമാതുറ - മാടൻവിള സ്കൂളിന് സമീപത്തെ കലുങ്കാണ് തകർന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് സംഭവം. നഗരൂർ, കിളിമാനൂർ ഭാഗങ്ങളിൽ നിന്നും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനാവശ്യമായ പാറയുമായി 60ൽ അധികം ടോറസ് ലോറികളാണ് ഇതുവഴി കടന്നുപോകുന്നത്. ഇത്തരത്തിൽ ഭാരവുമായി വന്ന ടോറസ് ലോറികൾ കടന്നു പോയതോടെയാണ് കലുങ്ക് തകർന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതോടെ ഇതുവഴിയുള്ള ബസ് സർവീസ് നിറുത്തിയിരിക്കുകയാണ്. കലുങ്കിന് സമീപത്തെ പെരുമാതുറ - മാടൻവിള പാലവും ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. അടിയന്തരമായി കലുങ്കിന്റെ പുനർനിർമ്മാണം നടത്തി ഇതുവഴിയുള്ള യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.