
തിരുവനന്തപുരം: ജീവിതത്തിന്റെ സായംകാലത്ത് വീടിനുള്ളിൽ ഏകാന്ത ജീവിതം നയിക്കാൻ വിധിക്കപ്പെട്ട വൃദ്ധരുടെ കഥ പറഞ്ഞ ശ്രീകാര്യം സ്വദേശി മുരളീകൃഷ്‌ണൻ പ്രമുഖ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്ളിക്‌സിന്റെ ഷോർട്ട് ഫിലിം ഫെസ്‌റ്റിവൽ മത്സരത്തിൽ ഇടംനേടി. നെറ്റ്ഫ്ളിക്‌സിന്റെ ഇന്ത്യൻ വിഭാഗം എന്റർടെയ്ൻമെന്റ് വെബ്സൈറ്റായ ഫിലിം കമ്പാനിയനുമായി ചേർന്ന് നടത്തുന്ന ഷോർട്ട് ഫിലിം ഫെസ്‌റ്റിവൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ 10പേരിലെ ഏകമലയാളിയും മുരളിയാണ്.
ജനുവരിയിലായിരുന്നു മത്സരം. മത്സരത്തിന്റെ പ്രമേയമായ മൈഇന്ത്യ എന്ന ആശയത്തെ അടിസ്ഥാനമാക്കി രണ്ട് മിനിട്ടുള്ള ഹ്രസ്വചിത്രമാണ് മുരളി ഒരുക്കിയത്. ഇതോടൊപ്പം ഹോം എന്ന ആശയത്തിൽ ഒരു ഷോർട്ട് ഫിലിം ഒരുക്കുന്നതിനുള്ള കഥയുടെ രത്നച്ചുരുക്കവും അയച്ചുനൽകണമായിരുന്നു. താൻ രചിച്ച സോവിയറ്റ് സ്‌റ്റേഷൻ കടവ് എന്ന പുസ്‌തകത്തിലെ സ്റ്റോക്ക്ഹോം എന്ന കഥ ഹോമിന്റെ ആശയം പൂർണമായി പ്രതിഫലിപ്പിക്കുന്നതാണെന്ന് മുരളീകൃഷ്ണന് തെല്ലും സംശയമുണ്ടായിരുന്നില്ല. മുരളിയുടെ കഥയുടെ സാരാംശം ബേസിൽ ജോസഫ്, അനുപമ ചോപ്ര എന്നിവരടങ്ങിയ ജൂറിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൂർണ തിരക്കഥ നൽകി. തുടർന്ന് അവസാന 10 പേരിൽ മുരളിയെയും ജൂറി തിരഞ്ഞെടുക്കുകയായിരുന്നു.
ഏഴ് ലക്ഷം രൂപ
തിരഞ്ഞെടുക്കപ്പെട്ട 10 പേർക്കും ഹോം എന്ന പ്രമേയം ആസ്‌പദമാക്കി ഷോർട്ട് ഫിലിം നിർമ്മിക്കാനായി ഏഴുലക്ഷം രൂപ വീതം ലഭിക്കും. നെറ്റ്ഫ്ളിക്‌സ് ഇന്ത്യയാണ് നിർമ്മാതാക്കൾ. സിനിമാരംഗത്തെ പ്രഗത്ഭരുടെ 10 ദിവസത്തെ പരിശീലന ക്ളാസും ഇവർക്ക് ലഭിക്കും. ജൂണിലാണ് ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം. തുടർന്ന് നെറ്റ്ഫ്ളിക്‌സ് ഇന്ത്യ ചാനലിലൂടെ സംപ്രേഷണം ചെയ്യും. എൻജിനിയിറിംഗ് ബിരുദധാരിയായ മുരളീകൃഷ്‌ണന് സിനിമാ സംവിധായകനാകുകയെന്നതാണ് സ്വപ്‌നം.