general

ബാലരാമപുരം: മഴക്കാലരോഗങ്ങൾ ഭീഷണിയായതോടെ ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം 24 മണിക്കൂറും ഉറപ്പ് വരുത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തം. നേരത്തെ ഉണ്ടായിരുന്ന മെഡിക്കൽ ഓഫീസർ ആർ.എം. ബിജു ഉൾപ്പെടെ സ്ഥലം മാറിപ്പോയതോടെ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. 24 മണിക്കൂർ പ്രവർത്തിച്ചിരുന്ന ആശുപത്രിയുടെ പ്രവർത്തനം ഇപ്പോൾ 12 മണിക്കൂറായി കുറച്ചിരിക്കുകയാണ്. രാവിലെ 6 മുതൽ വൈകിട്ട് 6വരെയാണ് ഇപ്പോൾ ആശുപത്രിയുടെ പ്രവർത്തനം. ദിവസം മൂന്നൂറിൽ കുറയാതെ രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. ലാബ് ടെസ്റ്റ്,​ മരുന്ന്,​ കിടത്തി ചികിത്സ എന്നിവ ലഭ്യമായതോടെ പരാതികളിൽ നിന്ന് വിട്ടുനിന്നിരുന്ന ആരോഗ്യകേന്ദ്രത്തിനെതിരെ ഇപ്പോൾ വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്. രാത്രി വൈകി ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിച്ചതോടെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധം തുടങ്ങിയിരിക്കുകയാണ്. ആശുപത്രി ലബോറട്ടറിയിലും ഉണ്ടായിരുന്ന ജീവനക്കാർ സ്ഥലം മാറിപ്പോയതോടെ ലാബിന്റെ പ്രവർത്തനവും ഭാഗീഗമാണ്. ഡോക്ടറുടെ സേവനം കുറഞ്ഞതോടെ ആശുപത്രിയിൽ രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.