ukl

ഉഴമലയ്‌ക്കൽ: ഉഴമലയ്ക്കൽ- ആര്യനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഉഴമലയ്ക്കൽ കളിയൽനട- പോങ്ങോട് റോഡ് തകർന്നു. ഉഴമലയ്‌ക്കലിൽ നിന്ന് എത്തുന്നവർക്ക് പറണ്ടോട്, വിതുര, വിനോബാ നികേതൻ തുടങ്ങിയ മലയോര മേഖലകളിലേക്ക് എളുപ്പത്തിലെത്താനുള്ള റോഡാണിത്. വർഷങ്ങളായി ഈ റോഡിന്റെ അറ്റകുറ്രപ്പണികൾ നടക്കാത്തതിനാൽ മിക്ക ഭാഗങ്ങളിലെയും ടാർ ഇളകിമാറി. മഴക്കാലമായതോടെ ടാർ ഇളകിമാറിയ കുഴികളിൽ വെള്ളനിറഞ്ഞ് വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താൽ പ്രദേശവാസികൾക്ക് വഴി നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഇരുചക്രവാഹനത്തിൽ പോലും ഇതുവഴിയുള്ള യാത്ര സാദ്ധ്യമല്ല. രാത്രിയിൽ ഇവിടെ അപകടങ്ങൾ ഉണ്ടാകുന്നത് സ്ഥിരം സംഭവമാണ്. ഈ റോഡിന്റെ അറ്റകുറ്രപ്പണികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ച് കാരാർ നൽകിയിരുന്നു. മെറ്റലും ടാറും റോഡിന്റെ പലഭാഗങ്ങളിലായി ഇറക്കിയെങ്കിലും ഇതുവരെ പണി തുടങ്ങിയിട്ടില്ല.

ഉഴമലയ്ക്കൽ പഞ്ചായത്തിലെ പോങ്ങോട്, മുമ്പാല, കുളപ്പട വാർഡുകളിലെ അതിർത്തിയിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. പറണ്ടോട്, വിനോബാ നികേതൻ, മീനാങ്കൽ തുടങ്ങിയ പ്രദേശങ്ങളിലുള്ള ജനങ്ങളും നെടുമങ്ങാട് ഭാഗത്തേക്ക് പോകാൻ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.