noushad

 സർട്ടിക്കറ്റുകൾ കളഞ്ഞുകിട്ടിയത് കഴക്കൂട്ടം സ്വദേശി നൗഷാദിന്

കഴക്കൂട്ടം: ആന്ധ്രയിലേക്കുള്ള ട്രെയിൻ യാത്രയ്‌ക്കിടെ മോഷണം പോയ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിൽ കണ്ണൂർ സ്വദേശിയായ ഉനൈസും ഭാര്യ ഡോ. മുഹിസിനയും. സ്‌കൂൾ മുതൽ എം.ബി.ബി.എസ് വരെയുള്ള മുഹിസിനയുടെ സർട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് 20നാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം കണിയാപുരം കരിച്ചാറ റെയിൽവേ ട്രാക്കിനരികിലെ കുറ്റിക്കാട്ടിൽ വഴിയാത്രക്കാരനും സമീപവാസിയുമായ നൗഷാദിന് ഇവ ലഭിക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മുഹസിന നീറ്റ് പരീക്ഷ എഴുതാനായി ഭർത്താവും രണ്ടുവയസുള്ള കുട്ടിയുമൊത്ത് കഴിഞ്ഞ 19നാണ് തൃശൂരിൽ നിന്ന് ഷാലിമാർ എക്‌സ്‌പ്രസിലെ എ.സി കമ്പാർട്ട്മെന്റിൽ ആന്ധ്രയിലേക്ക് യാത്ര തിരിച്ചത്. 20ന് പുലർച്ചെ 4ഓടെയാണ് സർട്ടിഫിക്കറ്റുകളും ലാപ്പും വസ്ത്രങ്ങളുമടങ്ങിയ ബാഗ് നഷ്ടമായ കാര്യം ശ്രദ്ധയിൽപ്പെട്ടത്.

ടി.ടി.ആറിന്റെ സഹായത്തോടെ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. കൂടാതെ ആന്ധ്രയിലെത്തിയ അവർ അവിടുത്തെ റെയിൽവേ പൊലീസിൽ രേഖാമൂലം പരാതിയും നൽകി. എന്നാൽ സ്റ്റേഷനുകളിലെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് സർട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് കണ്ടെത്തിയ വിവരം സർട്ടിഫിക്കറ്റിൽ നിന്ന് ലഭിച്ച നമ്പറിൽ നൗഷാദ് മുഹിസിനയെ വിളിച്ചറിയച്ചത്. ഉനൈസ് ഇന്നലെ പുലർച്ചെ കണിയാപുരം കരിച്ചാറയിലുള്ള നൗഷാദിന്റെ വീട്ടിലെത്തി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.

ഉനൈസും നൗഷാദും ട്രാക്കിൽ പരിശോധന നടത്തിയപ്പോൾ ബാഗിൽ നിന്ന് നഷ്ടപ്പെട്ട ബാക്കി വസ്ത്രങ്ങളും മഴയിൽ കുതിർന്നുപോയ പ്ളസ് ടു സർട്ടിഫിക്കറ്റും തകർന്ന മിനി ലാപ്പും കണ്ടെത്തി. തിരുവനന്തപുരത്തെത്തിയ മോഷ്ടാവ് കൊല്ലം ഭാഗത്തേക്കുള്ള യാത്രക്കിടെ സാധനങ്ങൾ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞതാകാമെന്നാണ് കരുതുന്നത്.