തിരുവനന്തപുരം: ആശുപത്രികൾക്ക് മുന്നിൽ നീണ്ടനേരം ക്യൂ നിന്ന് ഒ.പി ടിക്കറ്റ് എടുക്കേണ്ട പൊതുജനത്തിന്റെ ദുരവസ്ഥ പരിഹരിക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം നഗരസഭ. ഇനി മുതൽ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും രാവിലെ 8 മുതൽ രാത്രി 8 വരെ ഒ.പി സേവനം ആരംഭിക്കും. നിലവിൽ ഷിഫ്ട് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളിൽ ഈ രീതിയിൽ ഒ.പി നൽകണമെന്ന് നിർദ്ദേശിച്ചത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ്. നഗരസഭയുടെ കീഴിലെ 29 ഹെൽത്ത് സെന്ററുകൾ നവീകരിക്കാൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി തയ്യാറാക്കിയ 18 കോടിയുടെ കർമ്മപദ്ധതിയുടെ ഭാഗമാണ് ഈ പുതിയ ഒ.പി സിസ്റ്റം. നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ സൗജന്യ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിന് വേണ്ടിയും ആശുപത്രികളിലെ ക്ഷീണിപ്പിക്കുന്ന ക്യൂ ഒഴിവാക്കാനുമാണ് ഈ കർമ്മപദ്ധതി ആവിഷ്‌കരിച്ചത്. ഇന്നലെ നടന്ന നഗരസഭാ കൗൺസിലിൽ ഈ കർമ്മപദ്ധതി അംഗീകരിച്ചു.

 ആരോഗ്യപരിരക്ഷ ഉറപ്പാക്കുക പ്രഥമ ലക്ഷ്യം


പ്രതിദിനം ശരാശരി 3500 രോഗികൾക്കാണ് ഒ.പി സൗകര്യം ലഭ്യമാകുന്നത്. നഗരങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 6 വരെയുമാണ് ഒ.പി സമയം. പലയിടത്തും രാവിലെയോ ഉച്ചയ്‌ക്കോ മാത്രമേ ഈ സേവനം ലഭ്യമാകൂ. പുതിയ സംവിധാനം വരുന്നതോടെ ജനങ്ങൾക്ക് കൂടുതൽ ഉപകാരമാകും. നഗരത്തിൽ അധിക ആരോഗ്യ കേന്ദ്രങ്ങൾ തുറക്കാനും ഡോക്ടർമാരെയും സ്റ്റാഫ് നഴ്‌സിനെയും ഫാർമസിസ്റ്റിനെയും മറ്റ് ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനും ഈ കർമ്മപദ്ധതി നിർദ്ദേശിക്കുന്നു. 32 ഡോക്ടർമാരെയും 49 നഴ്സുമാരെയും 29 ഫാർമസിസ്റ്റുകളെയും ആവശ്യമായ ലാബ് ടെക്‌നീഷ്യന്മാരെയും ക്ലീനിംഗ് സ്റ്റാഫിനെയും നിയമിക്കുകയും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, ശുചിത്വ സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ സജ്ജമാക്കുകയുമാണ് പദ്ധതിലക്ഷ്യം. ഇതിനായി കോർപ്പറേഷൻ പ്രതിവർഷം 4 കോടിയോളം രൂപ ശമ്പളയിനത്തിലും മറ്റുമായി ചെലവഴിക്കും. പാലിയേറ്റീവ് നഴ്സുമാരെയും നിയമിക്കും. 2 താലൂക്ക് ആശുപത്രികൾ, 10 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 14 നഗര ആരോഗ്യകേന്ദ്രങ്ങൾ, രണ്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ഒരു ക്ലിനിക് എന്നിവയാണ് നിലവിൽ നഗരസഭയുടെ കീഴിലുള്ളത്. ഇതിനുപുറമെ 12 ആയുർവേദ ആശുപത്രികളും ഒരു സിദ്ധ ആശുപത്രിയും 14 ഹോമിയോപ്പതി ആശുപത്രികളും നഗരസഭയുടെ കീഴിലുണ്ട്.