
നെടുമങ്ങാട്: വി.എസ്.എസ്.സിയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടിൽ അനിൽകുമാറിനെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത സർക്കാർ ഉദ്യോഗസ്ഥനെന്ന് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. വി.എസ്.എസ്.സിയുടെ തുമ്പ, വട്ടിയൂർകാവ്, വലിയമല എന്നിവിടങ്ങളിൽ സ്വീപ്പർ, പ്യൂൺ തുടങ്ങി 750ൽ അധികം ഒഴിവുകളുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.തുമ്പ വി.എസ്.എസ്.സി സീനിയർ ഹെഡ് അനിൽകുമാർ നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ പ്രതി സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. 2.5 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇയാളുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ട്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. നെടുമങ്ങാട് ഡിവൈ.എസ്.പി എം.കെ. സുൽഫിക്കറിന്റെ നേതൃത്വത്തിൽ വലിയമല സി.ഐ ജി. സുനിൽ, സബ് ഇൻസ്‌പെക്ടർമാരായ അൻസാർ, സുനിൽകുമാർ, സി.പി.ഒമാരായ സനൽരാജ്, സുജുകുമാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.