തിരുവനന്തപുരം: സ്‌മാർട്ട് റോഡുകളുടെ ഭാഗമായും മറ്റ് സ്‌മാർട്ട് സിറ്റി പദ്ധതികളുമായും ബന്ധപ്പെട്ട് നഗരത്തിലെ പല ഭാഗങ്ങളും റോഡും കുഴിച്ചിട്ട് ജോലികൾ പൂർത്തിയാക്കാത്തതിൽ ഉന്നത തലത്തിലും അതൃപ്‌തി. ഇനി പണി ഉഴപ്പിയാൽ കരാറുകാരനെ നീക്കാനാണ് സർക്കാർ ആലോചന.

കഴിഞ്ഞയാഴ്ച ജില്ലയിലെ മന്ത്രിമാർ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ സൂചിപ്പിച്ചെന്നാണ് വിവരം. രാഷ്ട്രപതി വന്ന സാഹചര്യത്തിൽ റോഡുകൾ ടാർ ചെയ്‌തെങ്കിലും കുഴികളെല്ലാം പൂർണമായി മൂടിയിരുന്നില്ല. കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജോലികൾ പൂ‌ർത്തിയാക്കുന്നത് വെല്ലുവിളിയാക്കിയിട്ടുണ്ട്.

റോഡുകളിലെ കുഴിമൂടാൻ 30വരെ

സമയം നൽകിയിട്ടുണ്ട്: മേയർ

റോഡുകളിലെ കുഴികൾ മൂടാൻ 30വരെ കരാർ കമ്പനിക്ക് സമയം നൽകിയിട്ടുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.

ഇതുകഴിഞ്ഞിട്ട് മാത്രമേ ഇടപെടാനാകൂവെന്നും സർക്കാരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.

കരാറെടുത്ത കമ്പനിക്ക് ചില പ്രശ്‌നങ്ങളുണ്ടായതിനാലാണ് നിർമ്മാണം വൈകിയതെന്ന് മേയർ പറഞ്ഞു. റോഡുകൾ കുഴിച്ചിട്ടിരിക്കുന്നതിനെതിരെ കൗൺസിലിലും ഇന്നലെ പ്രതിഷേധമുണ്ടായി. സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ റോഡുകൾ മുഴുവൻ അപകടമുണ്ടാക്കുന്ന രീതിയിൽ കുഴിച്ചിട്ടിരിക്കുകയാണെന്ന് ആരോപണമുയർന്നു. സ്‌മാർട്ട് സിറ്റിയുടെയും കെ.ആർ.എഫ്.ബിയുടെയും മെല്ലെപ്പോക്ക് കാരണം കോർപ്പറേഷൻ മരാമത്ത് വിഭാഗം ഇടപെട്ട് അടിയന്തര നടപടിയുണ്ടാക്കണമെന്നാണ് ആവശ്യം.