തിരുവനന്തപുരം: ജില്ലയിൽ 1.6 ശതമാനം പേരുടെ ഹൃദയപേശികൾക്ക് പ്രവർത്തനക്കുറവുള്ളതായും (ഹാർട്ട് ഫെയിലുവർ) 0.9 ശതമാനവും പേർക്ക് ഹൃദയതാളം തെറ്റലുള്ളതായും (ആർട്ടിയൽ ഫൈബ്രിലേഷൻ) പഠന റിപ്പോർട്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ 55,000 പേരിൽ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗവും കേരള ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ സാമൂഹ്യ ആരോഗ്യ സർവേയിലാണ് കണ്ടെത്തിയതെന്ന് ഡോ.സുനിതാവിശ്വനാഥൻ അറിയിച്ചു.
ഹൃദയതാളം തെറ്റൽ കാരണം ഹൃദയത്തിന്റെ അറകളിൽ രക്തം കട്ടപിടിക്കാനും 100ൽ ഏകദേശം മൂന്നു പേർക്ക് പക്ഷാഘാതം സംഭവിക്കാനുമിടയുണ്ട്.അത്തരം പക്ഷാഘാതങ്ങൾ കൂടുതൽ ഗുരുതരമായിരിക്കും.
നേരത്തെ കണ്ടുപിടിച്ചാൽ കൃത്യമായ ചികിത്സ നൽകി പക്ഷാഘാതം തടയാൻ സാധിക്കും. ഹൃദയപ്രവർത്തനത്തിന്റെ കുറവ് നേരത്തെ കണ്ടെത്തി ചികിത്സയിലൂടെ ജീവൻ രക്ഷിക്കാനാകുമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ.സുനിതാവിശ്വനാഥൻ പറഞ്ഞു. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സർവേ സംഘടിപ്പിച്ചത്. ആശാവർക്കർമാരുടെ സഹായത്തോടെ 90 ഫീൽഡ് ക്യാമ്പുകളിലൂടെയാണ് ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കിയത്. സർവേയുടെ തുടർച്ചയായി കാർഡിയോളജി വിഭാഗം കാർഡിയോ വാസ്‌കുലാർ അപ്‌ഡേറ്റ് 2022 ചർച്ചയും സംഘടിപ്പിച്ചു. ഹൃദ്രോഗവിദഗ്ദ്ധരായ ഡോ.വിജയരാഘവൻ, ഡോ.സി.ജി.ബാഹുലേയൻ, ഡോ. രാമകൃഷ്ണപിള്ള, ഡോ സുൽഫിക്കർ അഹമ്മദ്, ഡോ.സുരേഷ്, ഡോ.തോമസ് ടൈറ്റസ്, ഡോ.അജിത്കുമാർ, ഡോ ജോർജ്ജ് കോശി, ഡോ.നീനിഗുപ്ത, ഡോ.ശിവപ്രസാദ് ഡോ.കൃഷ്ണകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.