തിരുവനന്തപുരം: പുന്നപ്ര വയലാർ സമരവും സ്ത്രീകളുടെ പങ്കാളിത്തത്തോടെ നടത്തിയ സ്വാതന്ത്ര്യ സമരമായിരുന്നുവെന്ന് മുൻ എം.പി.യും സി.പി.എം.പോളിറ്റ് ബ്യൂറോ അംഗവുമായ സുഭാഷിണി അലി പറഞ്ഞു.
കേരള നിയമസഭയിൽ നടക്കുന്ന വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിലെ ശില്പശാലയിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വനിതകളുടെ പങ്കിനെക്കുറിച്ചുള്ള സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. കെ.ആർ.ഗൗരിഅമ്മയും സുശീലാഗോപാലനും മാത്രമല്ല, സമരപോരാളികൾക്ക് ആവേശം പകർന്ന മേദിനിയെപ്പോലുളള ഗായികമാരുടെ പങ്കും മഹത്തരമാണ്. നിരവധി ധീര വനിതകളുടെ കൂടി പോരാട്ടത്തിന്റെയും ത്യാഗത്തിന്റേയും ഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. അറിയപ്പെടാത്ത നിരവധി വനിതകളും ഇതിൽ പങ്കാളികളായി.അവരെല്ലാം സ്വപ്നം കണ്ടത് ആത്മാഭിമാനമുള്ള ഇന്ത്യയാണ്. ഇന്ത്യയിൽ ഇന്ന് അവരുടെ സ്വപ്നങ്ങൾ സാഷാത്ക്കരിക്കപ്പെടുന്നില്ല. വിവാഹം കഴിക്കാൻ പോലും ഇന്ന് രാജ്യത്ത് സ്ത്രീകൾക്ക് അവരാഗ്രഹിക്കുന്ന സ്വാതന്ത്ര്യം കിട്ടുന്നില്ല.കേരളം ഇതിന് അപവാദമാണ്-സുഭാഷിണി അലി പറഞ്ഞു.സ്വാതന്ത്ര്യസമരത്തിൽ അസാം വനിതകൾ നടത്തിയ പോരാട്ടത്തെക്കുറിച്ച് അസാമിൽ നിന്നുള്ള എം.എൽ.എ നന്ദിതദാസ് വിശദീകരിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി മോഡറേറ്ററായിരുന്നു.