1

പൂവാർ: പഴയ ടാറ് മുഴുവൻ ഇളകി വൻ കുഴികൾ രൂപപ്പെട്ടും പൂവാറിലെ ഗോതമ്പ് റോഡ് സഞ്ചാര യോഗ്യയമല്ലാതായിട്ട് വർഷങ്ങളായി. പുനർനിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതോടെയാണ് തീരദേശത്തെ ഗോതമ്പ് റോഡ് സഞ്ചാരയോഗ്യമല്ലാതായത്. മഴ കനക്കുകയും ചെയ്തതോടെ ഇപ്പോൾ അപകട കെണിയായി റോഡ് മാറി. പൂവാർ മുതൽ

പൂവാർ മുതലുള്ള ഗോതമ്പ് റോഡിലും സമീപത്തെ ഇടറോഡുകളിലും വെള്ളക്കെട്ടും രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്നതും പതിവാണ്. ബീച്ച് റോഡിനും വിഴിഞ്ഞം പൂവാർ മെയിൻ റോഡിനും ഇടയ്ക്കുള്ള ഗോതമ്പ് റോഡ് മുഴുവൻ തകർന്ന അവസ്ഥയിലാണ്. മഴവെള്ളം ഒഴുകിപ്പോകുന്നതിന് ആവശ്യയമായ ഓടകൾ പുനർനിർമ്മിക്കാൻ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതാണ് ഇപ്പോൾ വെള്ളക്കെട്ടിന് കാരണമാകുന്നത്. റോഡ് റീ ടാർ ചെയ്യാനും വശങ്ങളിൽ ഓട നിർമ്മിക്കാനും തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. സമയബന്ധിതമായി പണി പൂർത്തീകരിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നാളിതുവരെ ഫലമുണ്ടായില്ലന്നാണ് ആക്ഷേപം. താഴ്ന്ന പ്രദേശങ്ങളിൽ മലിനജലം ആഴ്ചകളോളം കെട്ടിക്കിടക്കുന്നതിനാൽ പകർച്ചവ്യാധി ഭീതിയും തീരദേശവാസികളെ അലട്ടുന്നുണ്ട്. വീടിന് ചുറ്റും മലിനജലം കെട്ടിക്കിടക്കുമ്പോൾ ചെറിയ കുട്ടികൾക്കും വൃദ്ധർക്കും പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. രാത്രികാലത്ത് കുഴികളിൽ വീണവരും ധാരാളമാണ്. ഗോതമ്പ് റോഡ് നവീകരണത്തിന് 6 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. പണി പൂർത്തിയാൽ റോഡിലെ വെള്ളക്കെട്ടിന് ഒരു പരിധിവരെ പരിഹാരമാകും.

രോഗഭീഷണിയും

വെള്ളക്കെട്ട് രൂക്ഷമാകുമ്പോൾ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഫയർഫോഴ്സിന്റെ സഹായത്താൽ മലിനജലം പമ്പ് ചെയ്ത് കടലിലേക്ക് ഒഴുക്കിവിടാറുണ്ട്. ചിലപ്പോൾ ജെ.സി.ബി ഉപയോഗിച്ച് ചാലുകീറിയും കടലിലേക്ക് ഒഴുക്കാറുണ്ട്. എന്നാൽ ഇതൊന്നും ഇപ്പോൾ കാര്യക്ഷമമായി നടക്കാറില്ല. പകരം ആരോഗ്യ പ്രവർത്തകർ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വെള്ളം പമ്പ് ചെയ്ത് ഒഴുക്കുകയാണ് ചെയ്യുന്നത്. ആഴ്ചകളോളം കെട്ടിനിൽക്കുന്ന മലിനജലത്തിൽ നിന്ന് സാംക്രമികരോഗങ്ങളും പതിവാണ്. ഇത് നിയന്ത്രിക്കാൻ റോഡ് നവീകരണം അനിവാര്യമാണ്. ബന്ധപ്പെട്ട ജനപ്രതിനിധികളിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.

പൂവാർ, കരുംകുളം ഗ്രാമ പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളിൽ ധാരാളം ഫുട്ബാൾ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം ഫുട്ബാൾ ഗ്രൗണ്ടുകളും സജീവമാണ്. മഴക്കാലത്ത് റോഡുകളിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം കയറുന്നതോടെ ഗ്രൗണ്ടുകൾ മലിനജലം കൊണ്ട് നിറയും. റോഡിലെ വെള്ളക്കെട്ടിനെത്തുടർന്ന് ടൂർണമെന്റ് നടത്താൻ പറ്റാത്തവിധം ഗ്രൗണ്ടിൽ മലിനജലം നിറയും. ഗ്രൗണ്ട് സംരക്ഷിക്കാൻ നാട്ടുകാർക്ക് റോഡ് അടയ്ക്കേണ്ടതായി വന്നത് പ്രദേശത്ത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയിട്ടുണ്ട്.