
മലയിൻകീഴ്: തച്ചോട്ടുകാവ്- പിടാരം റോഡിൽ പനങ്കുഴി ഭാഗം മഴപെയ്താൽ ആറായി മാറും. റോഡിലെ വെള്ളക്കെട്ടിലൂടെ കാൽനട പോലും സാദ്ധ്യമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനയാത്രക്കാരും പ്രദേശവാസികളും വഴിനടക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. മഴപെയ്ത് ദിവസങ്ങൾ കഴിഞ്ഞാലും വെള്ളം ഒലിച്ചുപോകാതെ കെട്ടിക്കിടക്കുന്നത് അപകടങ്ങൾക്കും കാരണമാകാറുണ്ട്. വെള്ളം ഒഴുകി പോകുന്നതിനുള്ള സംവിധാനമില്ലാതെ റോഡ് നവീകരിച്ചതാണ് വെള്ളക്കെട്ടിന് കാരണം. അശാസ്ത്രീയമായി ഓട നിർമ്മിച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെയും ജനപ്രതിനിധികളെയും കണ്ട് നിവേദനം നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് തച്ചോട്ടുകാവ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ. ജയകുമാർ, സെക്രട്ടറി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പറഞ്ഞു.