നെയ്യാറ്റിൻകര: ആറാലുംമൂട്ടിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേരള സർവ്വകലാശാലയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി (യു.ഐ.ടി) സെന്ററിനോടുളള സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും അധികൃതർ അടിയന്തര നടപടി കൈക്കൊളളണമെന്നും നഗരസഭാ പ്രതിപക്ഷനേതാവ് ജെ. ജോസ് ഫ്രാങ്ക്ളിൻ. 1995 ൽ സെന്റർ നിലവിൽ വന്നതു മുതൽ വാടക കെട്ടിടത്തിലാണ്. പ്രതിമാസം മുപ്പതിനായിരത്തിലേറെ രൂപയാണ് വാടകയിനത്തിൽ നൽകുന്നത്. ബി എസ്സി കംപ്യൂട്ടർ സയൻസ്, ബി.ബി.എ, എംകോം കോഴ്സുകളിലായി നാനൂറോളം കുട്ടികൾ പഠിക്കുന്നത് പരിമിത സാഹചര്യത്തിലാണ്. മതിയായ ക്ലാസ് മുറികളുമില്ല. ലാബും ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും സ്ഥലമില്ലായ്മയാണ് പ്രധാന വെല്ലുവിളി. സെന്ററിന് കെട്ടിടം കണ്ടെത്തണമെന്ന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ആവശ്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.