നെയ്യാറ്റിൻകര: മകന്റെ മകളെ വിട്ടുകൊടുക്കാത്തതിന്റെപേരിൽ വൃദ്ധയെ ഉപദ്രവിച്ച യുവാവിനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്തു. നെയ്യാറ്റിൻകര അമ്മൻനഗർ തിരുവിളവീട്ടിൽ ഗാന്ധാരിയമ്മ (70)യെ ഉപദ്രവിച്ച കേസിലാണ് ഷൊർണൂർ സ്വദേശി പ്രവീണി (32)നെ അറസ്റ്റുചെയ്തത്. ഗാന്ധാരിയമ്മയുടെ മകൻ ശ്രീകാന്ത് ഭാര്യയുമായി പിണങ്ങി താമസിക്കവേ 2 വർഷംമുമ്പ് മരിച്ചു. ഇവരുടെ 10 വയസുകാരി മകൾ ഗാന്ധാരിയമ്മയുടെ സംരക്ഷണയിലാണ്. കുട്ടിയുടെ അമ്മ ഷൊർണ്ണൂർ സ്വദേശി പ്രവീണിനെ വിവാഹം കഴിച്ച് അവിടെയാണ് താമസം. ഇതിനിടെ കഴിഞ്ഞ ദിവസം ഇരുവരുമെത്തി കുട്ടിയെ ആവശ്യപ്പെട്ടു. കുട്ടിയെ വിട്ടുകൊടുക്കുന്നതിനെച്ചൊല്ലിയുളള തർക്കത്തിലാണ് യുവാവ് വൃദ്ധയെ ഉപദ്രവിച്ചത്. ഗാന്ധാരിയമ്മയുടെ പരാതിയിൽ പ്രവീണിനെ അറസ്റ്റുചെയ്യുകയായിരുന്നു.