
വെള്ളനാട്:സംസ്ഥാന സർക്കാരിന്റെ ഹരിതകീർത്തി പുരസ്കാരം നേടിയ ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജോർദാൻ വാലി അഗ്രോ ഫാമിൽ ഐ.സി.എ.ആർ ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.ഐ.സി.എ.ആർ അറ്റാരി ഡയറക്ടർ ഡോ.വെങ്കിട്ട സുബ്രഹ്മണ്യത്തിന്റെയും മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.ബിനു ജോൺ സാം എന്നിവരുടെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് ജോർദാൻ വാലി ഫാം സന്ദർശിച്ചത്. ഫാമിന്റെ നടത്തിപ്പിന് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം നൽകുന്ന സാങ്കേതിക സഹായം സംബന്ധിച്ച് ഐ.സി.എ ആർ ഡയറക്ടർ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർ ചർച്ച ചെയ്തു. ഉദ്യോഗസ്ഥ സംഘത്തോടൊപ്പം മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരായ ചിത്ര ജി,മഞ്ജു തോമസ്, ബിന്ദു.ആർ.മാത്യൂസ്, ജ്യോതി റെയ്ച്ചൽ വർഗീസ് എന്നിവരും പങ്കെടുത്തു. ജോർദാൻ വാലി ഫാമിലെ നഴ്സറി,മൃഗപരിപാലനം തുടങ്ങിയ എല്ലാ യൂണിറ്റുകളും മികച്ച നടീൽ വസ്തുക്കൾ, നവാഗത പഴവർഗ്ഗ വിളകൾ തുടങ്ങിയവയുടെ ശേഖരവും സന്ദർശിച്ചശേഷമാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്.