kk

2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മനുഷ്യർക്കൊപ്പം തവളയും ഒച്ചും തുമ്പിയുമൊക്കെ കഥാപാത്രങ്ങളായ പ്രകൃതിയിലേക്ക് കാമറ തിരിച്ച് ക്രിഷാന്ദ് നിർമ്മിച്ച് സംവിധാനം ചെയ്‌ത 'ആവാസവ്യൂഹം' കഴിഞ്ഞ വർഷത്തെ മികച്ച സിനിമയ്‌ക്കുള്ള സംസ്ഥാന അവാർഡ് നേടി. സമരഭൂമിയായ പുതുവൈപ്പ് പശ്ചാത്തലമാക്കിയ 'ആവാസവ്യൂഹം' തിരക്കഥയ്‌ക്കുള്ള അവാർഡും നേടി. നിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവർക്കുള്ള ശില്പവും പ്രശസ്തിപത്രവും നാലര ലക്ഷം രൂപയും ക്രിഷാന്ദിന് ലഭിക്കും.

ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ. ചിത്രം 'ജോജി'. ഒരു കുടുംബത്തിലെ മനുഷ്യരുടെ മാനസിക വ്യാപാരങ്ങൾ അതിസൂക്ഷ്മമായി അവതരിപ്പിക്കാൻ ദിലീഷിനു കഴിഞ്ഞെന്ന് ജൂറി വിലയിരുത്തി

ബിജുമേനോനും ജോജുജോർജും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. രേവതിയാണ് മികച്ച നടി.

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി ചെയർമാൻ സയ്യിദ് അഖ്തർ മിർസയും പങ്കെടത്തു.
'ആർക്കറിയം' എന്ന സിനിമയിൽ പ്രായമേറിയ മനുഷ്യന്റെ ശരീരഭാഷയും സങ്കീർണ്ണമായ വികാരവിചാരങ്ങളും അനായാസമായി ആവിഷ്‌കരിച്ചതാണ് ബിജുമേനോനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയ മികവാണ് ജോജു ജോർജിന് നേട്ടമായത്. നായാട്ടിൽ ദളിത് പൊലീസ് ഉദ്യോഗസ്ഥന്റെ ധാർമ്മിക പ്രതിസന്ധി ജോജു അവിസ്മരണീയമാക്കിയെന്ന് ജൂറി വിലയിരുത്തി. ഭൂതകാലം എന്ന സിനിമയിൽ പെൺമനസ്സിന്റെ വിഹ്വലതകളെ അതിസൂക്ഷ്മമായി അവതരിപ്പിച്ചാണ് രേവതി അവാർഡ് നേടിയത്. വിശാഖ് സുബ്രഹ്മണ്യം നിർമ്മിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയം' ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രമായി.
സജാസ് റഹ്‌മാനും ഷിനോസ് റഹ്‌മാനും ചേർന്ന് സംവിധാനം ചെയ്ത 'ചവിട്ട്', താര രാമാനുജൻ സംവിധാനം ചെയ്ത 'നിഷിദ്ധോ' എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. സുമേഷ് മൂർ (കള) സ്വഭാവനടനും ഉണ്ണിമായ പ്രസാദ് (ജോജി) സ്വഭാവനടിയുമായി.