തിരുവനന്തപുരം: തന്റെ ബ്യൂട്ടിപാർലറിന് മുന്നിൽ നിന്ന് മൊബൈൽ ഫോണിൽ‌ സംസാരിച്ചതിൽ ക്ഷുഭിതയായ പാർലർ ഉടമയായ സ്ത്രീ യുവതിയെ ക്രൂരമായി തല്ലിച്ചതച്ചു. മരുതംകുഴി സ്വദേശിയും ബി.ടെക് ബിരുദധാരിയുമായ ശോഭനയ്‌ക്ക് (33) നേരെയായിരുന്നു ആക്രമണം. ഏഴ് വയസുള്ള മകളുടെ മുന്നിലിട്ടായിരുന്നു മർദ്ദനം. അമ്മയെ തല്ലുന്നതുകണ്ട് പെൺകുട്ടി നിലവിളിച്ചിട്ടും ഉടമ അതിക്രമം തുടർന്നു. വ്യാഴാഴ്ച ഉച്ചയോടെ ശാസ്‌തമംഗലത്തായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: ശാസ്‌തമംഗലത്തെ കേരള ബാങ്ക് ശാഖയിൽ മകളുമായി എത്തിയ ശോഭന സമീപത്തെ ബ്യൂട്ടിപാർലറിനു മുന്നിൽ നിന്ന് മൊബൈൽ ഫോണിൽ സംസാരിച്ചു. കടയുടെ മുമ്പിൽ നിന്നു ഫോണിൽ സംസാരിക്കുന്നത് ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ വിലക്കി. ഇത് ചോദ്യംചെയ്ത ശോഭനയെ പാർലർ ഉടമ കരണത്തടിച്ച് വീഴ്ത്തി. മകൾ ഇതുകണ്ട് കരഞ്ഞു നിലവിളിച്ചിട്ടും അടി നിറുത്തിയില്ല. കാലിൽ കിടന്ന ചെരുപ്പ് ഊരിയും അടിച്ചു. ആളുകൾ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ശേഷമാണ് ഉടമ പിന്തിരിഞ്ഞത്. പാർലർ ഉടമയ്ക്കൊപ്പം വന്ന യുവാവ് ദൃശ്യം പകർത്തിയ ആളെ കൈയേറ്റം ചെയ്യുകയും ശോഭനയെ പിടിച്ചുതള്ളുകയും ചെയ്‌തു. മർദ്ദനത്തിനിടെ തന്റെ കൈയിലിരുന്ന വള പിടിച്ചുവാങ്ങാനും മർദ്ദിച്ച സ്ത്രീ ശ്രമിച്ചതായി ശോഭന നൽകിയ പരാതിയിൽ പറയുന്നു. ശോഭനയുടെ പരാതിയിൽ ആദ്യം ഉഴപ്പിയ മ്യൂസിയം പൊലീസ്, സംഭവത്തിന്റെ കാമറ ദൃശ്യം സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനൊടുവിലാണ് കേസെടുത്തത്.

കഠിനമായ ദേഹോപദ്രവത്തിനാണ് ( വകുപ്പ് 234,326 ) കേസ്. എന്നാൽ ബ്യൂട്ടിപാർലർ ഉടമയുടെ പേര് എഫ്.ഐ.ആറിൽ ചേർക്കാനോ അറസ്റ്റുചെയ്യാനോ പൊലീസ് തയ്യാറായില്ല. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി ബ്യൂട്ടിപാർലർ ഉടമയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും വ്യാഴാഴ്ച തന്നെ ശേഖരിച്ചിരുന്നു. ശോഭന നൽകിയ പരാതിയിൽ പ്രതിയുടെ പേര്, വിലാസം എന്നിവയില്ലെന്ന് പറഞ്ഞാണ് പൊലീസ് ഒത്തുകളിക്കുന്നത്. കേസ് ഒതുക്കിത്തീർക്കാനും പ്രതിക്ക് മുൻകൂർ ജാമ്യത്തിന് അവസരമൊരുക്കാനും ചില ഉദ്യോഗസ്ഥർ ഇടപെടുന്നതായി ശോഭനയുടെ ബന്ധുക്കൾ ആരോപിച്ചു.