
പാറശാല: പാറശാല പഞ്ചായത്ത് ഓഫീസിന് സമീപത്തായി സ്ഥാപിച്ചിരുന്ന വാട്ടർ അതോറിട്ടി വക വാട്ടർ ടാങ്ക് പൊളിച്ച് മാറ്റുന്നു. പാറശാലയിൽ റെയിൽ പാളത്തിലേക്ക് അടിക്കടി ഉണ്ടാകുന്ന മണ്ണിടിച്ചിൽ ഒഴിവാക്കുന്നതിനായി പാളത്തിന് സമീപം ഒരു വശത്തായി നിലനിന്നിരുന്ന പാറശാല ഗ്രാമപഞ്ചായത്തിന്റെ ഓഫീസ് പൊളിച്ച് മാറ്റിയതിനെ തുടർന്നാണ് വാട്ടർ ടാങ്കും പൊളിക്കുന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന ഒരു ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർടാങ്കിൽ നിന്നാണ് പാറശാല, നെടുവൻവിള, ഇഞ്ചിവിള, കളിയിക്കാവിള തുടങ്ങിയ മേഖലകളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത്. വാട്ടർ ടാങ്ക് പൊളിച്ച് മാറ്റുന്നതിനെ തുടർന്ന് സംഭരണ ടാങ്കിൽ നിന്ന് വിതരണം നടത്തുന്നതിന് പകരം ടാങ്കിലേക്ക് വെള്ളം എത്തിയിരുന്ന പൈപ്പുകളിൽ നിന്നും ഈ മേഖലകളിലേക്കുള്ള ലൈനിനെ നേരിട്ട് ബന്ധിപ്പിച്ച ശേഷം പമ്പിംഗ് 24 മണിക്കൂറും തുടരാനാണ് വാട്ടർ അതോറിട്ടി ഉദ്ദേശിക്കുന്നത്. റെയിൽവേ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നഷ്ടപരിഹാരം വാട്ടർ അതോറിട്ടിക്ക് നൽകിയതിന് ശേഷമാണ് ടാങ്ക് പൊളിക്കാൻ തുടങ്ങിയത്. നിലവിലെ സാഹചര്യത്തിൽ പൈപ്പ് പൊട്ടൽ, വൈദ്യുതി തകരാർ, മോട്ടോർ കേടുപാടുകൾ എന്നിവ ഉണ്ടായാൽ അവ പരിഹരിച്ച് വീണ്ടും പമ്പിംഗ് തുടരുന്നതുവരെ ഈ മേഖലകളിൽ കുടിവെള്ള വിതരണം തടസപ്പെടുമെന്നതാണ് ബന്ധപ്പെട്ടവർ പറയുന്നത്.