1

വിഴിഞ്ഞം: മത്സ്യബന്ധന തുറമുഖത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ കടലാമകളെ കടലിലേക്ക് തിരികെ വിട്ടു. മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയാണ് ആമകൾ കരയിലെത്തിയത്. 25 കിലോഗ്രാം വീതം ഭാരമുള്ള 2 കടലാമകളെയാണ് വിഴിഞ്ഞം മറൈൻ എൻഫോഴ്സ്‌മെന്റിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രിയിൽ പുറംകടലിൽ വിട്ടത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ മുഖാന്തരമാണ് നടപടികളെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു. ഇന്നലെ വൈകിട്ട് മത്സ്യബന്ധന തുറമുഖത്ത് കെട്ടിയിട്ട നിലയിലാണ് ആമകളെ കണ്ടെത്തിയതെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പറഞ്ഞു. ഫോറസ്റ്റ് അധികൃതരുടെ നിർദേശാനുസരണം ഫിഷറീസ് അധികൃതർക്ക് കൈമാറുകയായിരുന്നു. ഫിഷറീസ് അസി. എക്സ്റ്റൻഷൻ ഓഫീസർ ദിലീപ് കുമാർ മറൈൻ എൻഫോഴ്സ്‌മെന്റ് സി.പി.ഒ ഗിരീഷ്, ലൈഫ് ഗാർഡ് പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ അമകളെ മറൈൻ ആംബുലൻസിൽ കയറ്റി 6 നോട്ടിക്കൽ മൈൽ ഉള്ളിൽ എത്തിച്ചാണ് കടലിലേക്ക് വിട്ടത്.